| Sunday, 20th February 2022, 8:23 pm

രാഷ്ട്രീയമുള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല എന്നത് അറുപിന്തിരിപ്പന്‍ വാദം; പേഴ്‌സണല്‍ സ്റ്റാഫ് വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. രാഷ്ട്രീയം ഉള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല എന്നത് അറുപിന്തിരിപ്പന്‍ രാഷ്ട്രീയ വാദമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് അതില്‍ അഭിരമിക്കുന്ന രീതിയോട് മലയാളിക്ക് ഏറെ പഥ്യമാണ് എന്ന് പലരും ആക്ഷേപിക്കാറുണ്ട്. ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവാദമാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയം ഉള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ പാടില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്തുകൊണ്ടും ജോലിക്ക് അയോഗ്യരാണ് ഇത്തരത്തിലുള്ള അറുപിന്തിരിപ്പന്‍ രാഷ്ട്രീയ വാദങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ബഹുകക്ഷി സംവിധാനത്തെ മുന്‍നിര്‍ത്തിയുള്ള പാര്‍ലമെന്ററി ജനാധിപത്യം ആണ് നമ്മുടെ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സര്‍ക്കാര്‍ രൂപീകരിക്കും അവരുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രിസഭയും അനുബന്ധ സംവിധാനങ്ങളും ഉണ്ടാകും. മന്ത്രിമാര്‍ക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ആണുള്ളത്. അത് നിര്‍വഹിക്കാന്‍ അവര്‍ക്ക് സഹായികള്‍ ഉണ്ടാവും. അതില്‍ നിശ്ചിത ശതമാനം പ്രത്യേക കാലയളവിലേക്ക് നിയമിക്കപ്പെടുന്നവരാണ്. അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണം. അവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നത് അയോഗ്യതയായി കാണുന്നതാണ് ഹിമാലയന്‍ മണ്ടത്തരമാണ്,’
ബ്രിട്ടാസ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അല്ലെ ലോകത്തിലെ ഒട്ടുമിക്കവാറും ഭരണകര്‍ത്താക്കള്‍? ഏറ്റവും ശക്തമായ ജനാധിപത്യമെന്ന് നമ്മുടെ മാധ്യമ വിശാരഥന്‍മാര്‍ വിശേഷിപ്പിക്കുന്ന അമേരിക്കയില്‍ ‘Spoil System’ എന്ന ഒരു സംവിധാനം തന്നെ ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റ് അധികാരത്തിലേറുമ്പോള്‍ ആയിരക്കണക്കിന് ഭരണകക്ഷിക്കാര്‍ മര്‍മപ്രധാന സര്‍ക്കാര്‍ തസ്തികകളില്‍ അവരോധിക്കപ്പെടും. കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിപ്പോഴും തുടരുന്നുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ് എന്നത് കേരളത്തില്‍ മാത്രമുള്ള എന്തോ സംവിധാനമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒന്നും കിട്ടാത്തതുകൊണ്ട് ചില മാധ്യമങ്ങള്‍ നല്‍കിയ ‘തിരിച്ചറിവുകള്‍’ ഗവര്‍ണര്‍ പറയുന്നു എന്നേയുള്ളൂ.
കേന്ദ്രസര്‍ക്കാറില്‍ നൂറുകണക്കിന് ആളുകളാണ് രാഷ്ട്രീയ നിയമനങ്ങള്‍ നേടുന്നത്. കണ്‍സള്‍ട്ടന്റസും ഉപദേശകരുമായി വന്നിട്ടുള്ളവര്‍ തന്നെ ആയിരത്തിലേറെയാണ്.

ഏറ്റവും കൂടുതല്‍ ദുരുപയോഗത്തിന് വിധേയമാകുന്ന പദവിയാണ് ഗവര്‍ണര്‍ സ്ഥാനം എന്ന് സര്‍ക്കാരിയ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സമിതികള്‍ തെളിച്ചു പറഞ്ഞിട്ടുണ്ട്. കേവലം ആചാരപരമായ അനുഷ്ഠാനങ്ങള്‍ മാത്രം നിര്‍വഹിക്കാനുള്ള നമ്മുടെ ഗവര്‍ണര്‍ക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 623, ഇപ്പോഴത്തെ സര്‍ക്കാരില്‍ 478. ഇനി എന്തെങ്കിലും കൂടുതല്‍ പറയേണ്ടതുണ്ടോ? വിവാദക്കാര്‍ക്ക് നല്ല നമസ്‌കാരം,’ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറായിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേഴസണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.

Content Highlights: John Brittas MP in response to the controversy over the appointment of ministers’ personal staff

We use cookies to give you the best possible experience. Learn more