| Friday, 16th December 2022, 4:17 pm

മുരളീധരന് 'ദോഷൈകദൃക്ക്'; കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുകയാണയാള്‍: ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിന്റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി വി. മുരളീധരനെന്നും, സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നില്‍ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സി.പി.ഐ.എം നേതാവും രാജ്യാസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ്.

മുരളീധരനെ മറികടന്നാണ് കേരളത്തില്‍ ദേശീയപാതാ വികസനമടക്കം നടക്കുന്നത്. അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ദേശീയപാത യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കാന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേരള സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് വഹിച്ചത് വസ്തുതയാണെന്നും, ദോഷൈകദൃക്കായ വി. മുരളീധരന് മാത്രമാണ് അതില്‍ കുഴപ്പം കണ്ടെത്താനായതെന്നും ബ്രിട്ടാസ് പരിഹസിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായതിലും വളരെ കുറച്ച് ചെലവാണ് കേരളത്തിലെ ദേശീയപാതാ നിര്‍മാണത്തിന് വരുന്നതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

‘കേരള സര്‍ക്കാര്‍ എഴുതിയത് വസ്തുതാപരമായ കാര്യമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും അടിസ്ഥാന ദേശീയപാതാ വികസനത്തിന് പണം മുടക്കിയിട്ടില്ല. അതാണ് യാഥാര്‍ത്ഥ്യം.

അടിസ്ഥാന ദേശീയപാതയ്ക്ക് മുകളിലുള്ള ഒറ്റപ്പെട്ട പാതകള്‍ക്ക് വേണ്ടി മാത്രമാണ് മറ്റ് സംസ്ഥാനങ്ങള്‍ പണം മുടക്കിയത്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരമൊരു ഉറപ്പും കേന്ദ്ര സര്‍ക്കാരിന് കിട്ടിയിട്ടില്ല.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ദേശീയപാത യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കാന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല.

തിരുവനന്തപുരത്തെ റിങ് റോഡ് പദ്ധതിക്ക് 50 ശതമാനം കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.

ഭാവിയില്‍ പുതിയ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യു.പി, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ നാല് വരിയും ആറ് വരിയുമാക്കാന്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. യു.പിയില്‍ 5,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചതിന് ഒരു പൈസ പോലും കേന്ദ്രത്തിന് യു.പി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ക്ക് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് വഹിച്ചെന്ന് തന്നെയാണ് പറഞ്ഞത്. അത് വസ്തുതയാണ്.

ദോഷൈകദൃക്കായ വി. മുരളീധരന് മാത്രമാണ് അതില്‍ കുഴപ്പം കണ്ടെത്താനായത്. കേരളത്തില്‍ 900 കിലോമീറ്ററാണ് ദേശീയപാത വികസിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 3,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദേശീയപാത വികസിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായതിലും വളരെ കുറച്ച് ചെലവാണ് കേരളത്തിലേത്,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, കേരളം മാത്രമേ ദേശീയപാതാ വികസനത്തില്‍ 25 ശതമാനം പദ്ധതി ചെലവ് വഹിക്കുന്നുള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നാണ് വി. മുരളീധരന്‍ പറഞ്ഞത്. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കഴിഞ്ഞ ദിവസം പറഞ്ഞു. രാജ്യത്തെ റോഡ് നിര്‍മാണത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചത്.

ഹൈവേ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തി. പാര്‍ലമെന്റിലായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.

‘കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണ്. ജനസാന്ദ്രത കൂടുതലും കൂടുതല്‍ വാഹനപ്പെരുപ്പവും ഭൂമിവില കൂടുതലുള്ളതുമായ സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കല്‍ ചെലവുള്ള പ്രവൃത്തിയാണ്. അത് കാരണം വികസന പ്രവൃത്തി മുടങ്ങാതിരിക്കാനാണ് ഭൂമി ഏറ്റെടുക്കലിന് വേണ്ട ചെലവിന്റെ 25 ശതമാനം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഈയിനത്തില്‍ 5,500 കോടിയിലേറെ രൂപയാണ് സംസ്ഥാനം ചെലവിട്ടത്,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Content Highlight: John Brittas MP against BJP Leader V Muraleedharan

We use cookies to give you the best possible experience. Learn more