സുരേഷ് ഗോപിയെ ധനമന്ത്രി അപമാനിച്ചു, ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് ബ്രിട്ടാസ്; ബജറ്റ് ഇനിയുമുണ്ടല്ലോ എന്ന് സുരേഷ്‌ ഗോപി
NATIONALNEWS
സുരേഷ് ഗോപിയെ ധനമന്ത്രി അപമാനിച്ചു, ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് ബ്രിട്ടാസ്; ബജറ്റ് ഇനിയുമുണ്ടല്ലോ എന്ന് സുരേഷ്‌ ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 8:37 am

ന്യൂദൽഹി: രാജ്യസഭയിൽ ധനബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പെട്രോളിയം പ്രകൃതിവാതകം, ടൂറിസം ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയെയും കേന്ദ്ര ബജറ്റിനെയും വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി.

കേരളത്തിൽ സുരേഷ്‌ ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ പ്രധാനമന്ത്രിയടക്കമുള്ളവർ കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബജറ്റിൽ അതേ കേരളത്തിനായി ഒന്നുമില്ലെന്നും അത് സുരേഷ്‌ ഗോപിയെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

 

‘കേരളത്തിൽ എത്തിയ കേന്ദ്ര മന്ത്രിമാരെല്ലാവരും കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് വാഴ്ത്തിപ്പാടിയിരുന്നു. കേരളത്തിൽ സുരേഷ്‌ ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ പ്രധാനമന്ത്രിയടക്കമുള്ളവർ കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ നമ്മുടെ ബജറ്റിൽ ധനമന്ത്രി നിരവധി ടൂറിസം സർക്യൂട്ടുകളെക്കുറിച്ച് പറ മർശിച്ചു. അതിൽ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. സഭയിലിരിക്കുന്ന സുരേഷ്‌ ഗോപി തന്നെ പ്രഖ്യാപിച്ചിരുന്നു കേരളത്തിൽ നിരവധി ടൂറിസ്റ്റ് സർക്യൂട്ടുകൾ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന്.

എന്നാൽ ഒന്ന് പോലും കേരളത്തിന് വേണ്ടി മാറ്റി വെക്കാതെ കേന്ദ്ര ധനമന്ത്രി സുരേഷ്‌ ഗോപിയെ അപമാനിക്കുകയല്ലേ ചെയ്തത്. സുരേഷ്‌ ഗോപിയോടെങ്കിലും അല്പം ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഒരു സർക്യൂട്ട് എങ്കിലും പ്രഖ്യാപിക്കാമായിരുന്നു,’ ഡോ ജോൺ ബ്രിട്ടാസ് പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ സംസാരിക്കാൻ സുരേഷ്‌ ഗോപി ശ്രമിച്ചെങ്കിലും ബ്രിട്ടാസ് അനുവദിച്ചില്ല. താങ്കളുടെ സമയം വരുമ്പോൾ സംസാരിക്കാം എന്ന് പറഞ്ഞ് ബ്രിട്ടാസ് സുരേഷ്‌ ഗോപിയെ നിശ്ശബ്ദനാക്കി.

പിന്നാലെ തൊഴിലില്ലായ്മയെക്കുറിച്ചും വിലക്കയറ്റത്തിനെതിരെയും അദ്ദേഹം സംസാരിച്ചു. ഒരു മാസം കൊണ്ട് പച്ചക്കറിയുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിലയിൽ 11 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രാവിഷ്‌ക്കരണ പദ്ധതികളുടെ 40 ശതമാനവും സംസ്ഥാന സർക്കാർ വഹിക്കണം എന്ന വിചിത്ര നടപടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘കേന്ദ്രാവിഷ്‌ക്കരണ പദ്ധതികളുടെ 40 ശതമാനവും സംസ്ഥാന സർക്കാർ വഹിക്കണം എന്നാൽ അവ ബ്രാൻഡ് ചെയ്യുന്നതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഇത് അവസാനിപ്പിച്ച് സംസ്ഥാനങ്ങൾക്ക് അർഹമായത് നൽകണം,’ അദ്ദേഹം പറഞ്ഞു.

സർക്കാർ പുറത്തിറക്കിയ സാമ്പത്തിക സർവേയിലെ കണക്കുകളെയും അദ്ദേഹം വിമർശിച്ചു. ബീഹാറിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വെറും മൂന്ന് ശതമാനം എന്നാണ് സർവേയിൽ പറയുന്നത്. അത് കണ്ട താൻ അത്ഭുതപ്പെട്ടെന്നും ബീഹാർ അമേരിക്കയുടെ നിലവാരത്തിലെത്തിയോ എന്നും താൻ സംശയിച്ച് പോയെന്നും കാരണം അവിടുത്തെ യുവാക്കളുടെ വിദ്യാഭാസം വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുണ്ടക്കൈ ദുരന്തത്തിന് കാരണം ക്വാറി പ്രവർത്തനമാണെന്നും കയ്യേറ്റമാണെന്നും കേരളത്തിന്റെ അനാസ്ഥയാണെന്നും വിമർശിച്ച കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ബ്രിട്ടാസ് പ്രതികരിച്ചു.

വയനാട് ദുരന്തമുണ്ടായപ്പോൾ കേരളത്തെ വനമന്ത്രിയും സുരേഷ്‌ഗോപിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കമുള്ളവരും അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ധനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ബ്രിട്ടാസ് കുറ്റപ്പെടുത്തിയെന്നും അടുത്ത ബജറ്റിൽ കേരളത്തിന് വേണ്ടിയുള്ള പദ്ധതികൾ ഉണ്ടാകുമെന്നുമാണ് ഇതിനെതിരെ സുരേഷ്‌ ഗോപി പ്രതികരിച്ചത്.

‘അടുത്ത ബജറ്റ് ആറ് മാസത്തിനുള്ളിൽ ഉണ്ടാകും. അത് പോലെ ഇനിയും ബജറ്റുകൾ ഉണ്ടാകും. അതിൽ തീർച്ചയായും കേരളത്തിനായി പദ്ധതികൾ ഉണ്ടാകും. ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള പുതിയ ടൂറിസ്റ്റ് പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണയിലുണ്ട്. അതിൽ തീർച്ചയായും കേരളത്തിന് വേണ്ടിയും പദ്ധതികളുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തം ഉണ്ടായത് ക്വാറികൾ മൂലമാണെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞിരുന്നു. എന്നാൽ അപകടം നടന്ന പ്രദേശത്തു ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്ന് തെളിവ് സഹിതം കേരളം വ്യക്തമാക്കിയിരുന്നു. താൻ മാധ്യമങ്ങളിൽ കണ്ട വാർത്തയാണ് ക്വാറി മൂലമാണ് അപകടമുണ്ടായതെന്ന്. അതിനാലാണ് അത്തരം പരാമർശം നടത്തിയത്. വിശദീകരണവുമായി വനം വകുപ്പ് മന്ത്രിയും മുന്നോട്ടെത്തിയിരുന്നു.

 

 

Content highlight: John brittas m.p  critcised suresh gopi