| Friday, 4th March 2022, 2:17 pm

കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ട് ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും. എ.കെ.ജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ടാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തുന്നത്.

എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം, കര്‍ഷക സംഘം, സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി എന്നിവരും സംസ്ഥാന സമിതിയില്‍ അംഗങ്ങളാവും.

ഇവര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം, ജില്ലാ സെക്രട്ടറിമാരായ എ.വി. റസല്‍, ഇ.എന്‍. സുരേഷ് ബാബു, സി.വി. വര്‍ഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും. 89 അംഗ സമിതിയാകും സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുക.

അതേസമയം, 75 വയസിന് മുകളില്‍ പ്രായമുള്ള 13 പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ജി. സുധാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി. കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ആര്‍. ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ തുടരില്ല. എം.എം. മണി, കെ. ജെ. തോമസ്, സി.പി. നാരായണന്‍, പി.പി. വാസുദേവന്‍, എം ചന്ദ്രന്‍, കെ. വി. രാമകൃഷ്ണന്‍ എന്നിവരേയും ഒഴിവാക്കിയേക്കും.

മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ചില നേതാക്കളെ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.


Content Highlights: John Brittas in CPIM State committee

We use cookies to give you the best possible experience. Learn more