മതം മാറ്റല്‍ നടക്കുന്നുണ്ടെന്ന് സഭയല്ലാതെ മറ്റാര് പറയുമെന്ന് വി. മുരളീധരന്‍; ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണമെന്ന് ജോണ്‍ ബ്രിട്ടാസിന്റെ മറുപടി
കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എം.പി. ആട്ടിന്‍തോലിട്ട് ചെന്നായ്ക്കളായി വരുന്നവരെ കരുതിയിരിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ഇരുവരുടെയും പരാമര്‍ശം.
ഇസ്‌ലാമിക തീവ്രവാദികള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു, ജോലിയുള്ള പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടത്തുന്നു എന്നൊക്കെയാണ് മുരളീധരന്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഈ നാട്ടിലേക്ക് ഉത്തരേന്ത്യന്‍ ഭൂമികയിലുള്ള വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ജ്വാലയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. അത് ആര് ഈ വേദിയില്‍ നിന്ന് പറഞ്ഞാലും അതിനെ പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷിയെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
വെറുപ്പും വിദ്വേഷവും അണപ്പൊട്ടിയൊഴുകുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള നന്മയാണ് കേരളം ലോകത്തിന് പറഞ്ഞുകൊടുക്കുന്നത്. അധികാരത്തിന്റെ ഗര്‍വുകൊണ്ടും ആട്ടിന്‍തോലിട്ട് ചെന്നായ്കളായി വരുന്നവരേയും കരുതിയിരിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ ജോണ്‍ ബ്രിട്ടാസ് വേദിയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് പല റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ടെന്നും അതില്‍ അന്വേഷണം നടത്തുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
‘ക്രൈസ്തവരായ പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാര് പറയും. ഇത്തരത്തില്‍ കേരളത്തിന്റെ എല്ലാ മേഖലയിലും സാന്നിധ്യമറിയിക്കുന്ന ഒരു സമുദായം പറയുമ്പോള്‍ അതില്‍ അന്വേഷണം നടത്തുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടത്. അതിനുപകരം അങ്ങനെ പറയുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണോ വേണ്ടത്. മാത്രമല്ല, ഇത്തരത്തിലുള്ള അനാശാസ്യമായ മതതീവ്രവാദ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് ആദ്യം പറഞ്ഞത്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് വരെയുണ്ട്.
ധാവാസ് ഗാര്‍ഡ് എന്ന പേരില്‍ ഈ ലക്ഷ്യത്തോടുകൂടി ഈ സംഘം ങപ്രവര്‍ത്തിക്കുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് ഇംഗ്ലീഷ് പത്രം 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി തന്നെ ഇസ്‌ലാമിക തീവ്രവാദികള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു, ജോലിയുള്ള പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടത്തുന്നു എന്നൊക്കെയുള്ള പലകാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവുകള്‍ മുന്നിലുണ്ടായിട്ടും സഭയുടെ ആശങ്കകളെ മുഖവിലയ്‌ക്കെടുക്കാന്‍ ഇപ്പോഴും എന്തുകൊണ്ട് മടികാണിക്കുന്നു,’ വി. മുരളീധരന്‍ പറഞ്ഞു.
Content Highlights: John Brittas gives reply to V Muraleedharan