ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് അമിത് ഷാ പ്രതികരിച്ചില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് സര്‍ക്കാര്‍ തുടരാന്‍ പാടില്ലെന്ന നിലപാടിനോട് അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞില്ലെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണമെന്ന നിര്‍ദേശത്തോട് അമിത് ഷാ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിലെ കാലതാമസത്തെ പ്രതിപക്ഷത്ത് നിന്നുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. മാത്രമല്ല, 26 ദിവസം കഴിഞ്ഞിട്ടാണ് ആഭ്യന്തര മന്ത്രി മണിപ്പൂരില്‍ പോയതെന്നും ഇതുവരെ മണിപ്പൂര്‍ വിഷയത്തെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പ്രതിപാദിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷം പറഞ്ഞു.
മണിപ്പൂരിലെ ബീരേന്‍ സിങ് സര്‍ക്കാരിന് അവിടെ തുടരാന്‍ അനുവാദമില്ലെന്നും ആ സര്‍ക്കാര്‍ രാജി വെച്ച് കൊണ്ട് മാത്രമേ അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും എന്ന നിലപാടാണ് കൈക്കൊണ്ടത്. ആഭ്യന്തര മന്ത്രി 3 മണിക്കൂറോളം അഭിപ്രായങ്ങള്‍ കേട്ടു. ഓരോ നിര്‍ദേശങ്ങളും പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുമെന്ന് പറഞ്ഞു.
പ്രധാനമന്ത്രി ഈ വിഷയങ്ങളുമായി നിരന്തരമായി സംവദിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് മണിപ്പൂരിലെ സംഭവ വികാസങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പക്ഷേ പ്രതിപക്ഷം മുന്നോട്ട് വെച്ച നിര്‍ദേശങ്ങളോട് ആഭ്യന്ത്ര മന്ത്രി പ്രതികരിച്ചിട്ടില്ല. അതെല്ലാം പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
തീരുമാനങ്ങള്‍ കൃത്യമായി പറഞ്ഞിട്ടില്ല. ബീരേന്‍ സിങ് സര്‍ക്കാര്‍ തുടരാന്‍ പാടില്ലെന്ന നിലപാടിനോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല. ഒരു സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയക്കണമെന്ന നിര്‍ദേശത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അങ്ങനെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളോടൊന്നും പ്രതികരിച്ചില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുക്കുമെന്നും അത് സംബന്ധിച്ചുളള മിനുട്‌സ് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും കൃത്യമായിട്ടുള്ള നിലപാടുകളും നടപടികളും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ആരോഗ്യകരമായ ചര്‍ച്ചയായിരുന്നെന്നും ഒരു പാര്‍ട്ടിയും അവരുടെ രാഷ്ട്രീയം പറയാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലമായി മണിപ്പൂരിന്റെ കാര്യത്തില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സര്‍വകക്ഷി യോഗം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മൗനം ദൗര്‍ഭാഗ്യകരമെന്നും മണിപ്പൂര്‍ കത്തുമ്പോള്‍ കേന്ദ്രം നടപടിയെടുക്കാന്‍ വൈകിയെന്നുമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്.
മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആര്‍.എസ്.എസ് പോലും വിഷയത്തില്‍ പ്രതികരിച്ച സാഹചര്യത്തിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സി.പി.ഐയെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചില്ലെന്ന വിമര്‍ശനവും വന്നിരുന്നു. ഇതിന് അമിത് ഷാ മറുപടി പറയണമെന്നാണ് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തത്. പി.സന്തോഷ് കുമാര്‍ എം.പി പാര്‍ലമെന്റ് അനക്സിലെത്തി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയതും ചര്‍ച്ചയായിരുന്നു.
content highlights: john brittas about oppostion leaders meeting with amit shah in manippur issue