തിരുവനന്തപുരം: ഇസ്രഈല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ്.
40 രാജ്യങ്ങളില്‍ 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
സംഭവം പുറത്തുവന്നയുടനെ തന്നെ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും ബ്രിട്ടാസ് പറഞ്ഞു.
പരമാധികാരമുള്ള രാജ്യങ്ങള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കുമാണ് തങ്ങള്‍ ചാര സോഫ്റ്റ്വെയര്‍ വിറ്റിട്ടുള്ളത് എന്ന് വാട്‌സ്ആപ്പ് കൊടുത്ത കേസില്‍ പെഗാസസ് ഉടമസ്ഥര്‍ തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട് എന്നും ജോണ്‍ ബ്രിട്ടാസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അമിത് ഷായുടെ പുത്രന്‍ ജയ് ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താല്പര്യം എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട പട്ടികയില്‍ ഉള്ളവര്‍ എല്ലാം തന്നെ. പലകാരണങ്ങള്‍കൊണ്ടും മോദിക്ക് സംശയമുള്ളതുകൊണ്ടാണ് നിതിന്‍ ഗഡ്ഗരിയുടെയും സ്മൃതി ഇറാനിയുടെയും പേരുകള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാള്‍ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.
രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹിമകട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഏറെക്കാലമായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ വസ്തുതയുടെ കണികകള്‍ ആകുകയാണ്.
40 രാജ്യങ്ങളില്‍ 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നത്. ചാരവൃത്തിക്ക് മുന്നിട്ടുനില്‍ക്കുന്ന ഇസ്രായേലിലെ എന്‍എസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന ചാര സോഫ്റ്റ്വെയറാണ് ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍…… എന്തിനേറെ സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍…… പട്ടിക നീളുകയാണ്.
ഏവരും പ്രതീക്ഷിച്ചതുപോലെ വാര്‍ത്ത പുറത്ത് വന്ന നിമിഷത്തില്‍ തന്നെ തങ്ങള്‍ക്ക് പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള ഒരു തന്ത്രം. വാട്‌സ്ആപ്പ് കൊടുത്ത കേസില്‍ പെഗാസിസ് ഉടമസ്ഥര്‍ തന്നെ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പരമാധികാരമുള്ള രാജ്യങ്ങള്‍ക്കും അവരുടെ ഏജന്‍സികള്‍ക്കുമാണ് ഞങ്ങള്‍ ചാര സോഫ്റ്റ്വെയര്‍ വിറ്റിട്ടുള്ളത്!അമിത്ഷായുടെ പുത്രന്‍ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താല്പര്യം.
പുറത്തുവന്ന പേരുകള്‍ പരിശോധിച്ചാല്‍ ഒരു പാറ്റേണ്‍ വ്യക്തമാകും. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് പട്ടികയില്‍ ഉള്ളവര്‍ എല്ലാം തന്നെ. നിതിന്‍ ഗഡ്ഗരിയുടെയും സ്മൃതി ഇറാനിയുടെയും പേരുകള്‍ എന്തുകൊണ്ട് വന്നു എന്നതും സുവ്യക്തമാണ്. പലകാരണങ്ങള്‍കൊണ്ടും മോഡിക്ക് ഇവരെ സംശയമാണ്.
പെഗാസസിന്റെ വഴികള്‍ അത്യന്തം അപകടകരമാണ്. ചോര്‍ത്തലിന്റെ ലാഞ്ചന പോലും അവശേഷിപ്പിക്കാതെ പണി പൂര്‍ത്തിയാക്കി അപ്രത്യക്ഷമാകും. ഐഫോണ്‍ ഇന്‍സ്ട്രമെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയൂ. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ തെളിവ് പൂര്‍ണമായും തുടച്ചു നീക്കപ്പെടും. വാട്‌സ്ആപ്പ്, എസ്എംഎസ് വരെ ഏതു വഴിയിലൂടെയും ചാര സോഫ്റ്റ്വെയര്‍ കടന്നുവരും. സാധാരണഗതിയില്‍ നമ്മള്‍ സ്വീകരിക്കുന്ന ഒരു പ്രതിരോധ തന്ത്രവും വിജയിക്കില്ലെന്ന് അര്‍ത്ഥം.
ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാള്‍ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത്!
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: John Brittas about Modi and Pegasus Project