നടന് മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജ്യസഭാ എം.പിയും ജേര്‍ണലിസ്റ്റുമായ ജോണ്‍ ബ്രിട്ടാസ്. തനിക്കും മമ്മൂട്ടിക്കും ഇടയില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പലപ്പോഴും ഒരുപാട് നേരം സംസാരിച്ച് ഇരിക്കാറുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ തവണ അതുപോലെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മമ്മൂട്ടിയുടെ അടുത്ത സിനിമയെക്കുറിച്ച് താന്‍ ചോദിച്ചെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അടുത്ത സിനിമയില്‍ വില്ലനാണെന്നും തന്റെ കഥാപാത്രം ഒരു സ്ത്രീപീഡകനാണെന്ന് മമ്മൂട്ടി പറഞ്ഞെന്നും തനിക്കത് കേട്ട് വിശ്വസിക്കാന്‍ പറ്റിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇങ്ങനെയുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് ആരാധകര്‍ക്ക് ഇഷ്ടമാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇതെല്ലാം ഒരു പരീക്ഷണമല്ലേ എന്ന് മമ്മൂട്ടി തിരിച്ചുചോദിച്ചെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
തന്റെ അഭിപ്രായത്തില്‍ ഇത്രത്തോളം പരീക്ഷണം നടത്തുന്ന നടന് വേറെയില്ലെന്നും നേടാനുള്ളത് മുഴുവന്‍ അദ്ദേഹം നേടിയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇനിയങ്ങോട്ട് അതുപോലെ പരീക്ഷണം നടത്തുന്നതാണ് മമ്മൂട്ടി എന്ന നടന് നല്ലതെന്നും അതിലൂടെ അദ്ദേഹം നേടുന്ന കാര്യങ്ങള്‍ വളരെ വലുതായിരിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തിലാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.
‘എനിക്കും മമ്മൂക്കക്കും ഇടയില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തമ്മില്‍ കാണുന്ന സമയത്തെല്ലാം ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിരിക്കും. കഴിഞ്ഞ തവണ അതുപോലെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പുള്ളിയുടെ അടുത്ത സിനിമയെപ്പറ്റി ഞാന്‍ ചുമ്മാ ഒന്ന് ചോദിച്ചു. പുള്ളി തന്നെയാണ് അത് നിര്‍മിക്കുന്നതെന്നും വില്ലന്‍ കഥാപാത്രമാണെന്നും മമ്മൂക്ക എന്നോട് പറഞ്ഞു. വില്ലനെന്ന് പറഞ്ഞാല്‍ സ്ത്രീപീഡകനായിട്ടുള്ള വില്ലനാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് ആരാധകര്‍ക്ക് ഇഷ്ടമാകുമോ എന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. ‘ആരാധകരൊക്കെ എന്ത്? ഇതൊക്കെ ഒരു പരീക്ഷണമല്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചുമ്മാ ചോദിച്ച ചോദ്യമായിരുന്നു അത്. പിന്നീട് ഞാന്‍ ആലോചിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മനസിലായത്.
ഇത്രത്തോളം പരീക്ഷണം നടത്തുന്ന നടന് വേറെ കാണില്ല. ഒരു നടനെന്ന നിലയില്‍ നേടാനുള്ളത് മുഴുവന്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇനി ഇതുപോലുള്ള പരീക്ഷണം ചെയ്യുന്നതിലൂടെ കിട്ടുന്ന നേട്ടങ്ങളാകും എല്ലാവരെയും ഞെട്ടിക്കുക,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Content Highlight: John Brittas about Mammootty’s new movie and his character