| Saturday, 8th October 2022, 6:59 pm

പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍; റോഷാക്ക് കണ്ട ജോണ്‍ ബ്രിട്ടാസിന് പറയാനുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. യു.കെ. പൗരനായ ലൂക്ക് ആന്റണിയെന്ന നിഗൂഢത നിറഞ്ഞ കഥാപാത്രവും മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേക്കിങ്ങുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഒറ്റവരിയില്‍ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് റോഷാക്ക് എന്ന് പറയുകയാണ് സി.പി.ഐ.എം രാജ്യസഭാ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റ പ്രതികരണം.

സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും ബ്രിട്ടാസ് പ്രശംസിച്ചു. പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികളെന്നും അദ്ദേഹം കുറിച്ചു.

‘മമ്മൂട്ടി തന്നെ തന്റെ പുതിയ നിര്‍മാണ കമ്പനിയുടെ ബാനറില്‍ ഒരു ചിത്രം നിര്‍മിക്കുന്നു എന്നത് തന്നെ വാര്‍ത്തയായിരുന്നു. പിന്നീട് പോസ്റ്റര്‍ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചര്‍ച്ചയായി. മനശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ മലയാളികളുടെ സെര്‍ച്ചുകളില്‍ ഇടം നേടി. ട്രെയിലര്‍ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചര്‍ച്ചകള്‍. എല്ലാ ചര്‍ച്ചകള്‍ക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി.

ഒറ്റ വരിയില്‍ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാം. പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ. ഇതുവരെ നമ്മള്‍ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും, മൊത്തത്തില്‍ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോള്‍ ഓര്‍ക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യന്‍ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.

പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികള്‍. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാം. ഇത്തരത്തില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിര്‍മാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങള്‍,’ എന്നാണ് ബ്രിട്ടാസ് എഴുതിയത്.

റോഷാക്കില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്‌റാം, ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ്സ്. ജോര്‍ജ്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. കേരളത്തില്‍ 219 തിയറ്ററകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

CONTENT HIGHLIGHTS:  John britta’s write up about Mammootty’s new movie rorschach

We use cookies to give you the best possible experience. Learn more