| Wednesday, 1st February 2017, 6:51 pm

'ലോ അക്കാദമിയില്‍ ഞാന്‍ പഠിച്ചിരുന്നു കഴിയുമെങ്കില്‍ ഇനിയും പഠിക്കും, ബി.എയ്ക്കും എം.എയ്ക്കും റാങ്ക് ഉണ്ടായിരുന്നു അന്ന് ലക്ഷ്മി നായരായിരുന്നില്ല യൂണിവേഴ്‌സിറ്റി വൈസ് ചാര്‍സിലര്‍': ലോ അക്കാദമി വിഷയത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലോ അക്കാദമി വിഷയത്തില്‍ ബ്രിട്ടാസ് പ്രതികരിക്കാത്തത് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി ആയിരുന്നത് കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ബ്രിട്ടാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.


തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു എന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപേദഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്. ലോ അക്കാദമിയില്‍ താന്‍ പഠിച്ചിട്ടുണ്ടെന്നും കേരളാ യൂണിവേഴ്‌സിറ്റിയില്‍ രേഖകള്‍ സമര്‍പ്പിച്ച് അര്‍ഹമായ രീതിയില്‍ തന്നെയാണ് അഡ്മിഷന്‍ നേടിയതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിട്ടാസ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ലോ അക്കാദമി വിഷയത്തില്‍ ബ്രിട്ടാസ് പ്രതികരിക്കാത്തത് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി ആയിരുന്നത് കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് ബ്രിട്ടാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.


Also read സംസ്ഥാനത്തിന് നീതി നല്‍കാത്ത ബജറ്റ് : പിണറായി വിജയന്‍ 


ഫേസ്ബുക്കില്‍ വിരളമായെ വരാറുള്ളുവെന്നും ചിലയാളുകള്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് തോന്നിയത് എന്നും പറഞ്ഞു കൊണ്ടാണ് ബ്രിട്ടാസ് തന്റെ പോസ്റ്റ് ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അക്കാദമിയില്‍ പഠിച്ചതെന്നും ബിഎയ്ക്കും എംഎയ്ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്സിറ്റി), എം ഫിലിന് ഉയര്‍ന്ന ഗ്രേഡും, 4 വര്‍ഷത്തെ ഗവേഷണവും (ഡല്‍ഹി, ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ എന്നും ബ്രിട്ടാസ് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. തനിക്ക് ബി.എയ്ക്കും എം.എയ്ക്കും എം. ഫില്ലിനും ഉയര്‍ന്ന മാര്‍ക്കുന്നുണ്ടെന്നും അത് ലക്ഷ്മി നായര്‍ വൈസ് ചാന്‍സിലര്‍ ആയത് കൊണ്ട് ലഭിച്ചതല്ലെന്നും ബ്രിട്ടാസ് പറയുന്നുണ്ട്.

എനിക്ക് രാഷ്ട്രീയമുണ്ട്, ഒരു സ്ഥാപനത്തിന്റെ സാരഥിയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തര വാദിത്തങ്ങളുമുണ്ട് ഇത്രയും പോരെ ചിലര്‍ക്ക് തന്നെ നിരന്തരമായി എതിര്‍ക്കാനെന്നും എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ എന്നും പറഞ്ഞ ബ്രിട്ടാസ് ഈ ഉരകല്ലിലാണ് നമുക്ക് കൂടുതല്‍ തെളിച്ചം വരുന്നതെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫേസ് ബുക്ക് അടി കൂടാനുള്ള കവലയായി കാണാനാഗ്രഹിക്കാത്തത് കൊണ്ട് വളരെ വിരളമായി മാത്രമേ ഇങ്ങോട്ടു എത്തി നോക്കാറുള്ളൂ. എന്തോ ചില അദ്ഭുതങ്ങള്‍ സംഭവിച്ചു എന്ന പേരില്‍ എന്നോട് താത്പര്യം ഉള്ള ചിലര്‍ ചിലകാര്യങ്ങള്‍ വിളിച്ചറിയിച്ചപ്പോഴാണ് ഈയൊരു കുറിപ്പെഴുതണമെന്നു തോന്നിയത്.
അദ്ഭുതം മറ്റൊന്നുമല്ല. ജോണ്‍ ബ്രിട്ടാസ് ലാ അക്കാഡമിയില്‍ (ഇപ്പോളൊന്നുമല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ്) പഠിച്ചിരുന്നു വെളിപ്പെടുത്തലായിട്ടാണ് ചിലരില്‍ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാന്‍ പഠിച്ചിരുന്നു.കഴിയുമെങ്കില്‍ ഇനിയും ഇനിയും മറ്റു പല കോഴ്സ് കള്‍ക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂര്‍ത്തിയാക്കിയത് മറ്റു സര്‍വ്വകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാണ് അഡ്മിഷന്‍ എടുത്തത്.സാധാരണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള ഈവെനിംഗ് കോഴ്സിലാണ് ഞാന്‍ ചേര്‍ന്നത്. ഉയര്‍ന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഇത്തരത്തില്‍ പഠിച്ചിട്ടുണ്ട് അല്ലെങ്കില്‍ പഠിക്കുന്നുണ്ട്. അഡ്മിഷന്‍ ആരുടെയെങ്കിലും ശുപാര്‍ശ പ്രകാരമായിരുന്നില്ല. BA ക്കും MA ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), M Phil ന് ഉയര്‍ന്ന ഗ്രേഡും, 4 വര്‍ഷത്തെ ഗവേഷണവും (ഡല്‍ഹി, ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ? ലക്ഷ്മി നായര്‍ കാലിക്കറ്റ് , ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍ ആയിരുന്നിട്ടില്ല….
കഴിയാവുന്ന രീതിയില്‍ ഞാന്‍ പഠിച്ചു, പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ബിരുദം എടുക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ പറയുന്നതു കേട്ടാല്‍ എനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനര്‍ഹമായി ഞാന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കില്‍ എത്ര പണ്ടേ ഒരു ഡിഗ്രി എന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നത്.
അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം? ലക്ഷ്മി നായര്‍ കൈരളിയില്‍ അവതാരകയാണ്. ഞാന്‍ കൈരളി ടി വി MD യായി വരുന്നതിനു എത്രയോ കാലം മുന്‍പ് അവര്‍ അവതാരകയായതാണ്. കൈരളിയില്‍ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവര്‍ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വര്‍ഷംതോറും മെട്രോ മനോരമക്കു വേണ്ടി അവര്‍ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാള്‍ക്ക് സിനിമയിലും ടെലിവിഷനിലും പ്രവര്‍ത്തിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
പിന്നെ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം? എന്നെ മനസ്സിലാക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് ഇത് പറയുന്നത്. എന്തിനും എപ്പോഴും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലര്‍ക്ക് എന്നെ നിരന്തരമായി എതിര്‍ക്കാന്‍ ? അവര്‍ എതിര്‍ക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതല്‍ തെളിച്ചം വരുന്നത്…

We use cookies to give you the best possible experience. Learn more