| Tuesday, 6th February 2024, 10:28 am

നിങ്ങളുടെ രാമൻ നാഥുറാമാണ്, മോദി പ്രാണപ്രതിഷ്ഠ നടത്തേണ്ടത് മണിപ്പൂരിലെ ജനങ്ങൾക്ക് വേണ്ടിയാവണം: ജോൺ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക്‌ ‘വാട്ടർലൂ’ ആകുമെന്ന് സി.പി.എം നേതാവും രാജ്യസഭ എം. പിയുമാണ് ജോൺ ബ്രിട്ടാസ്. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഘടിപ്പിച്ച് ഇരുണ്ട മധ്യകാലത്തേക്ക് തള്ളി വിടാനുള്ള ബി.ജെ.പിയുടെ ശ്രമം ജനം അനുവദിക്കില്ല. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെ മോദി സർക്കാർ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്നും. വോട്ടിനായി ശ്രീരാമനെ ദുരുപയോഗം ചെയ്യുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

‘മൂന്നുവട്ടമാണ് അയോധ്യ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ കടന്നുവന്നത്. എല്ലാവരുടേതുമാണ് ശ്രീരാമാൻ. അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രതീകമായി ഗാന്ധിജി കണ്ട രാമൻ തന്നെയാണ് തങ്ങളുടെയെല്ലാം രാമൻ. എന്നാൽ നിങ്ങളുടെ രാമൻ നാഥുറാമാണ്. വ്യത്യാസം അതാണ്.

അയോധ്യ ചടങ്ങ് ബഹിഷ്കരിച്ചതിനെ വിമർശിക്കുകയാണ് പ്രതിപക്ഷം. ശങ്കരാചാര്യന്മാർ എന്തുകൊണ്ടാണ് ബഹിഷ്കരിച്ചത്. ഇങ്ങനെയൊരു രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാകാൻ അവർ താത്പര്യപ്പെട്ടില്ല. ബി.ജെ.പി അംഗങ്ങൾ മറക്കുന്ന ഒരു കാര്യമുണ്ട്, ബാബരി മസ്ജിദ് നിയമവിരുദ്ധമാണെന്നും ക്രിമിനൽ നടപടിയാണെന്നുമുള്ള വിധി സുപ്രീംകോടതിയെ കുറിച്ച് വാചാലരാകുന്ന ബി.ജെ.പി അംഗങ്ങൾക്ക് ഓർമയില്ല.

പ്രധാനമന്ത്രി ജനങ്ങൾക്കാണ് പ്രാണൻ പകരേണ്ടത് അല്ലാതെ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുകയല്ല വേണ്ടത്. മണിപ്പൂരിൽ പോയി അവിടുത്തെ ജനങ്ങൾക്കായി പ്രാണപ്രതിഷ്ഠ നടത്തേണ്ടിയിരുന്നു.

ശ്രീരാമനെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. സർദാൻ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ച ദിവസമാണ് ഫെബ്രുവരി നാല്. രാജവാഴ്ചയുടെ എല്ലാ ചിഹ്നങ്ങളെയും തൂത്തെറിഞ്ഞ പട്ടേലിനെ തള്ളിയാണ് പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചത്. മോദി സർക്കാർ എല്ലാ സ്ഥാപനങ്ങളെയും തകർക്കുകയാണ്. പാർലമെന്റിൽ യാതൊരു ചർച്ചയുമില്ലാതെ അപ്പം ചുടും പോലെ ബില്ലുകൾ പാസാക്കുന്നു’, ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

Content Highlight: John Britas Against Prime Minister  And Talk About Ayodhya ram mandir, Manipur issue

We use cookies to give you the best possible experience. Learn more