| Sunday, 16th July 2023, 11:02 am

എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പേ അവര്‍ക്ക് റെയില്‍വേയില്‍ ജോലിയുണ്ട്; സുധാകരന്റെ ആരോപണത്തില്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. റെയിലുമായി ബന്ധപ്പെടുത്തി തനിക്കും പങ്കാളിക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എം.പി. തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ റെയില്‍വേയില്‍ ജോലിക്ക് പ്രവേശിച്ചതാണെന്ന് ബ്രിട്ടാസ് പറഞ്ഞു.

റെയില്‍വേക്ക് പങ്കാളിത്തമുള്ള കെ. റെയിലിലേക്ക് ഡെപ്യൂട്ടേഷനില്‍ റെയില്‍വേ ബോര്‍ഡാണ് അവരെ അയച്ചത്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി അവര്‍ റെയില്‍വേ ബോര്‍ഡിലേക്ക് മടങ്ങിയിട്ട് കുറച്ചായെന്നും ബ്രിട്ടാസ് പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയാണ് കെ. റെയില്‍ ജനറല്‍ മാനേജര്‍ എന്ന സുധാകരന്റെ ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബ്രിട്ടാസിന്റെ മറുപടി.

സ്വന്തം ജോലി ചെയ്ത് തന്റെ പാടുനോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് കെ.പി.സി.സി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെയെന്നും ബ്രട്ടാസ് ചോദിച്ചു.
കെ. സുധാകരന് രാഷ്ട്രീയമായി തന്നോട് കണക്ക് തീര്‍ക്കണമെന്നും എന്നാല്‍ അതിലേക്ക് കുടുംബത്തെ വലിച്ചഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍

മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം കെ. സുധാകരന്റെ സ്ഥിര ബുദ്ധിക്ക് തകരാറ് സംഭവിച്ചോയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോള്‍ ഇല്ലാതില്ല.

എന്റെ ഭാര്യക്ക് കെ. റെയിലില്‍ വലിയ ജോലി കിട്ടി എന്ന തരത്തില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാര്‍ത്തകണ്ടു. ഒരു നുണ പലവട്ടം പറയുമ്പോള്‍ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കില്‍ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോള്‍ അദ്ദേഹത്തെ മണ്ടനാക്കാന്‍ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛര്‍ദിക്കുന്നതാണെങ്കില്‍ ഇതാണ് വസ്തുത.

എന്നെ വിവാഹം കഴിക്കുന്നതിനു മുന്‍പ് തന്നെ അവര്‍ റെയില്‍വേയില്‍ ജോലിക്കു പ്രവേശിച്ചതാണ്. റയില്‍വേക്ക് പങ്കാളിത്തമുള്ള കെ. റെയിലിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ചത് റെയില്‍വേ ബോര്‍ഡ്. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി അവര്‍ റെയില്‍വേ ബോര്‍ഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി.

എന്റെ ജീവിതത്തിലേക്ക് അവര്‍ കടന്നു വരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്പാദിച്ചു എന്ന് പറയാനും സ്‌കോപ് ഇല്ല. സി.പി.ഐ.എം കേന്ദ്രത്തില്‍ ഭരിക്കുകയോ റെയിവേയുടെ ചുമതല നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല !

കെ. സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീര്‍ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഞാനത് സ്വാഗതം ചെയ്യും. അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെ.പി.സി.സി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ.


Content Highlight: John Brattas MP responded to K. KPCC president K. Sudhakaran’s allegations

We use cookies to give you the best possible experience. Learn more