വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ അമേരിക്ക വലിയ അന്താരാഷ്‌ട്ര പ്രതിസന്ധി നേരിടാൻ സാധ്യതയെന്ന് അദ്ദേഹത്തിൻ്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.
17 മാസം ട്രംപിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന ജോൺ ബോൾട്ടൻ , അദ്ദേഹത്തിൻ്റെ അറിവില്ലായ്മയെക്കുറിച്ചും വസ്തുതകളിലുള്ള താത്പര്യത്തെക്കുറിച്ചും രൂക്ഷമായ വിമർശനം ഉന്നയിച്ചു. ദേശീയ താത്പര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയേക്കാൾ വ്യക്തിപരമായ ബന്ധങ്ങളും ന്യൂറോൺ ഫ്ലാഷുകളും വഴിയാണ് ട്രംപ് തീരുമാനങ്ങളെടുക്കുക എന്ന് അദ്ദേഹം വിമർശിച്ചു.
ഗസയിലെയും ഉക്രെയ്‌നിലെയും സംഘർഷങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിനൊപ്പം മൂന്നാം ലോക മഹായുദ്ധം തടയാൻ തനിക്ക് മാത്രമേ കഴിയൂ എന്ന ട്രംപിൻ്റെ അവകാശവാദത്തെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബോൾട്ടൺ തള്ളിയിരുന്നു .
‘ട്രംപ് ഒരു സാധാരണ മനുഷ്യൻ മാത്രമാണ്.അദ്ദേഹം പറയുന്നതിൽ ഭൂരിഭാഗവും പൊങ്ങച്ചമാണ്. അദ്ദേഹം മുമ്പ് പ്രസിഡൻ്റായിരുന്ന സമയത്തേക്കാൾ ലോകം അപകടകരമാണ്.
അന്താരാഷ്ട്ര പ്രതിസന്ധി ട്രംപിന്റെ രണ്ടാം ടേമിൽ വളരെ കൂടുതലാണ് വേണ്ട വിധത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ട്രംപിൻ്റെ കഴിവില്ലായ്മ കണക്കിലെടുക്കുമ്പോൾ, ട്രംപ് ഈ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ ഞാൻ വളരെ ആശങ്കാകുലനാണ്,’ ബോൾട്ടൺ പറഞ്ഞു.
2001 മുതൽ 2005 വരെ ആംസ് കൺട്രോൾ ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി അണ്ടർ സെക്രട്ടറിയായും 2005 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായും ബോൾട്ടൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിൽ ബോൾട്ടൺ ട്രംപിൻ്റെ ഉപദേശക സ്ഥാനത്ത് നിന്നും പിന്മാറിയിരുന്നു.
മാസങ്ങൾ നീണ്ട അഭിപ്രായവ്യത്യാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ബോൾട്ടനെ പുറത്താക്കിയതായി ട്രംപ് പിന്നീട് അവകാശപ്പെട്ടു. തൻ്റെ സ്ഥാനം ഉപേക്ഷിച്ചതിന് ശേഷം ബോൾട്ടൺ ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്നു.
Content Highlight: John Bolton warns: I’m ‘very worried’ about how Trump would handle ‘much more likely’ international crisis