| Tuesday, 17th September 2024, 2:26 pm

മെസിയും റൊണാള്‍ഡോയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്; യോഹാന്‍ ക്രൈഫ് പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യം മിക്ക താരങ്ങളുമെന്ന പോലെ ഇതിഹാസ താരം യോഹാന്‍ ക്രൈഫും നേരിട്ടിരുന്നു.

മെസി ഒരു ടീം പ്ലെയറാണെന്നും ഗോളടിക്കുന്നതിനൊപ്പം സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ക്രൈഫ് തന്നെ സംബന്ധിച്ച് മെസിയാണ് മികച്ചതെന്നും വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ഗിവ് മി സ്‌പോര്‍ട്ടാണ് ഇക്കാര്യം അന്ന് റിപ്പോര്‍ട്ട് ചെയ്തത്.

‘മെസി ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച ടീം പ്ലെയറാണ്. അവന്‍ ഗോളടിക്കുന്നു, ഒപ്പം തന്നെ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരവും നല്‍കുന്നു. ഒരു പ്ലെയര്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് മെസിയാണ് മികച്ചത്. ഒരു മികച്ച ഗോള്‍ സ്‌കോററും ഒരു മികച്ച ഫുട്‌ബോള്‍ പ്ലെയറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഫുട്‌ബോളിനെ കുറിച്ചറിയുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതുമാണ്. മെസി മികച്ചതല്ല എന്ന് ചിന്തിക്കുന്നവര്‍ എന്നെ സംബന്ധിച്ച് തീര്‍ത്തും പരിഹാസത്തിന് പാത്രമാകേണ്ടവരാണ്.

ഇത് ഒരിക്കലും ക്രിസ്റ്റ്യാനോയെ ഉദ്ദേശിച്ചുള്ളതല്ല, അദ്ദേഹം വളരെ മികച്ച താരമാണെന്നതില്‍ ഒരു സംശയവുമില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് അദ്ദേഹം. ഇത് മെസി എത്രത്തോളം മികച്ചതാണ് എന്നതിനെ കുറിച്ച് മാത്രമാണ്,’ ക്രൈഫ് പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട ഇരുവരും തങ്ങളുടെ ടീമുകള്‍ക്കായി മികച്ച പ്രകടനം തുടരുകയാണ്.

പരിക്കിന് പിന്നാലെ നടത്തിയ ഗംഭീര തിരിച്ചുവരവില്‍ ഇരട്ട ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്. ചെയ്‌സ് സ്‌റ്റേഡിയത്തില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരെ നടന്ന മത്സരത്തില്‍ സുവാരസിന് ഗോളടിക്കാനുള്ള അവസരവും മെസി സൃഷ്ടിച്ചു. മെസിയുടെ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി വിജയിച്ചത്.

അതേസമയം, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എലീറ്റിന്റെ തിരക്കിലാണ് റൊണാള്‍ഡോ. ആദ്യ മത്സരത്തില്‍ റോണോയുടെ അഭാവത്തിലാണ് അല്‍ നസര്‍ കളത്തിലിറങ്ങിയത്. വൈറല്‍ ഇന്‍ഫെക്ഷനാണ് താരത്തെ ആദ്യ മത്സരം കളിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചത്. ഇറാഖ് ക്ലബ്ബായ അല്‍ ഷോര്‍ട്ടക്കെതിരെ സമനില വഴങ്ങിയാണ് അല്‍ നസര്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

Content highlight: Johan Cruyff praises Lionel Messi

We use cookies to give you the best possible experience. Learn more