ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ക്ലാസിക് റൈവല്‍റികളിലൊന്നാണ് മെസി-റൊണാള്‍ഡോ പോരാട്ടങ്ങള്‍. ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. മെസിയും റോണോയും നേര്‍ക്കുനേര്‍ വന്ന ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.
ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.
മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യം മിക്ക താരങ്ങളുമെന്ന പോലെ ഇതിഹാസ താരം യോഹാന്‍ ക്രൈഫും ഒരിക്കല്‍ നേരിട്ടിരുന്നു.
ഗോട്ട് ഡിബേറ്റില്‍ മെസിയെ ആയിരുന്നു ഡച്ച് ലെജന്‍ഡ് തെരഞ്ഞെടുത്തത്. മെസി ഒരു ടീം പ്ലെയറാണെന്നും ഗോളടിക്കുന്നതിനൊപ്പം സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്രൈഫ് ഗോട്ട് ഡിബേറ്റില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ഗിവ് മി സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസി ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച ടീം പ്ലെയറാണ്. അവന്‍ ഗോളടിക്കുന്നു, ഒപ്പം തന്നെ സഹതാരങ്ങള്‍ക്ക് ഗോളടിക്കാനുള്ള അവസരവും നല്‍കുന്നു. ഒരു പ്ലെയര്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് മെസിയാണ് മികച്ചത്.
ഒരു മികച്ച ഗോള്‍ സ്‌കോററും ഒരു മികച്ച ഫുട്ബോള്‍ പ്ലെയറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഫുട്ബോളിനെ കുറിച്ചറിയുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതുമാണ്. മെസി മികച്ചതല്ല എന്ന് ചിന്തിക്കുന്നവര്‍ എന്നെ സംബന്ധിച്ച് തീര്‍ത്തും പരിഹാസത്തിന് പാത്രമാകേണ്ടവരാണ്.
ഇത് ഒരിക്കലും ക്രിസ്റ്റ്യാനോയെ ഉദ്ദേശിച്ചുള്ളതല്ല, അദ്ദേഹം വളരെ മികച്ച താരമാണെന്നതില്‍ ഒരു സംശയവുമില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് അദ്ദേഹം. മെസി എത്രത്തോളം മികച്ചതാണ് എന്നതിനെ കുറിച്ച് മാത്രമാണ് ഞാനിപ്പോള്‍ സംസാരിച്ചത്,’ ക്രൈഫ് പറഞ്ഞു.
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട മെസി നിലവില്‍ ഇന്റര്‍ മയാമിയുടെ ഇതിഹാസമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മെസിയുടെ വരവിന് മുമ്പ് കണികാണാന്‍ പോലും കിരീടമില്ലാതിരുന്ന പിങ്ക് ആര്‍മിയുടെ ഷെല്‍ഫില്‍ ഇപ്പോള്‍ രണ്ട് കിരീടങ്ങളുണ്ട്.
ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ് വില്ലിനെ പരാജയപ്പെടുത്തിയാണ് മയാമി ആദ്യ കിരീടം നേടിയത്. ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിന്റെ ആത്മവിശ്വാസത്തിന് മുമ്പിലാണ് നാഷ് വില്‍ പരാജയപ്പെട്ടത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം 11 പേരും കിക്കെടുത്ത പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട ആദ്യ കിരീടം നേടിയത്.
ശേഷം ഈ സീസണിലെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും മയാമി സ്വന്തമാക്കിയിരുന്നു. ലീഗ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു മയാമിയുടെ കിരീട നേട്ടം.
Content highlight: Johan Cruyff picks Messi over Cristiano Ronaldo