അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സൂപ്പര്‍ താരം ജോഗീന്ദര്‍ ശര്‍മ. 2007 ടി-20 ലോകപ്പിന്റെ ഉദ്ഘാടന സീസണില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ജോഗീന്ദര്‍.
2004ലും 2007നും ഇടയില്‍ ഇന്ത്യക്കായി നാല് ഏകദിനവും നിരവധി ടി-20 മത്സരങ്ങളും ജോഗീന്ദര്‍ കളിച്ചിട്ടുണ്ട്.
ജോഗീന്ദര്‍ ശര്‍മയെന്ന പേര് കേള്‍ക്കുമ്പോള്‍ ഓതൊരു ഇന്ത്യന്‍ ആരാധകന്റെയും മനസില്‍ തെളിയുന്നത് 2007ലെ ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരമാണ്.
പാകിസ്ഥാനെതിരായ ഫൈനലിലെ ഏറെ സമ്മര്‍ദ്ദമേറിയ അവസാന ഓവര്‍ ഇന്ത്യന്‍ നായകന്‍ ധോണി ജോഗീന്ദറിനെ ഏല്‍പിക്കുകയായിരുന്നു. മിസ്ബ ഉള്‍ ഹഖായിരുന്നു ജോഗീന്ദറിനെ നേരിട്ടത്.
ജോഗീന്ദറിനെതിരെ സിക്‌സര്‍ പറത്തി മിസ്ബ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ നാല് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മിസ്ബയെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് താരം ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി.
2002 മുതല്‍ 2017 വരെയുള്ള തന്റെ യാത്ര ജീവിതത്തിലെ ആറ്റവും അത്ഭുതം നിറഞ്ഞ കാലഘട്ടമായിരുന്നുവെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം തന്റെ വിരമിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘എന്റെ എല്ലാ ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും ഉപദേഷ്ടാക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്കൊപ്പം കളിക്കുകയെന്നത് ഒരു പ്രിവിലേജായിരുന്നു. എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Announced retirement from cricket Thanks to each and everyone for your love and support 🙏❤️👍👍 pic.twitter.com/A2G9JJd515
ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനക്ക് വേണ്ടി 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 39 ലിസ്റ്റ് എ മത്സരങ്ങളും 43 ടി-20യും കളിച്ചിട്ടുണ്ട്. 2017 വിജയ് ഹസാരെയില്‍ ഹരിയാനക്ക് വേണ്ടിയായിരുന്നു ജോഗീന്ദര്‍ അവസാനമായി കളിച്ചത്.
ഏറെ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ റഡാറില്‍ ഉള്‍പ്പെടാതിരുന്ന താരമായിരുന്നു ജോഗീന്ദര്‍.
2022ലെ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഭാഗമായിരുന്ന ജോഗീന്ദര്‍ വിരമിച്ചെങ്കിലും ക്രിക്കറ്റിന്റെ ഭാഗമായി തുടരുമെന്നും അറിയിച്ചു. നിലവില്‍ ഹിസാര്‍ ജില്ലയില്‍ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയാണ് ജോഗീന്ദര്‍.
Content highlight: Joginder Sharma announces retirement from all formats of cricket