2007 ടി-20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടതിന്റെ 15ാം വാര്‍ഷികമാണിന്ന്. മിസ്ബ ഉള്‍ ഹഖിന്റെ പടുകൂറ്റന്‍ ഷോട്ട് ശ്രീശാന്ത് കൈപ്പിടിയിലൊതുക്കുമ്പോള്‍ ക്രിക്കറ്റ് ലോകമൊന്നാകെ ഇന്ത്യക്കായി കയ്യടിച്ചു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 157 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ മിസ്ബ ഉള്‍ ഹഖ് പുറത്താവുമ്പോള്‍ 152 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യക്കായി അവസാന ഓവര്‍ പന്തെറിഞ്ഞത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. ആ ഒറ്റ ഓവറായിരുന്നു ജോഗീന്ദറിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്.
ഫൈനല്‍ മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞതിനെ പറ്റിയും അവസാന ഓവര്‍ എറിയാന്‍ ധോണി തന്നെ ഏല്‍പിച്ചതിനെ കുറിച്ചും പറയുകയാണ് ജോഗീന്ദര്‍ ശര്‍മ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോഗീന്ദര്‍ ഇക്കാര്യം പറഞ്ഞത്.
‘അവസാന ഓവര്‍ എറിയാന്‍ മഹി ഭായ് എന്റെ നേരെ കൈ ഉയര്‍ത്തിയപ്പോള്‍ ഞാന്‍ ഏറെ ആവേശഭരിതനായിരുന്നു. ജയിക്കുന്നതിനെ കുറിച്ചോ തോല്‍ക്കുന്നതിനെ കുറിച്ചോ ഒന്നും തന്നെ ചിന്തിക്കേണ്ടെന്നും അഥവാ നമ്മള്‍ തോറ്റാല്‍ അതിന്റെ പഴി മുഴുവനും അദ്ദേഹം ഏറ്റെടുക്കുമെന്നുമായിരുന്നു എന്നോട് പറഞ്ഞത്.
എന്തുവന്നാലും നമ്മള്‍ തന്നെ ജയിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ അവര്‍ക്ക് 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആ വിക്കറ്റ് ഞാന്‍ നേടും എന്ന് അദ്ദേഹത്തോട് പറഞ്ഞു,’ ജോഗീന്ദര്‍ ശര്‍മ പറയുന്നു.
‘മികച്ച സ്വിങ്ങുള്ളതുകൊണ്ട് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയാനായിരുന്നു ഞങ്ങള്‍ പദ്ധതിയിട്ടത്. അവസാന ഓവറിലെ സ്വിങ് കണ്ട് ഞാന്‍ തന്നെ അന്തം വിട്ട് പോയിരുന്നു,’ ജോഗീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് വേണ്ടി ആര്‍.പി. സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിസ്ബയുടേതടക്കം രണ്ട് വിക്കറ്റാണ് ജോഗീന്ദര്‍ ശര്‍മ സ്വന്തമാക്കിയത്.
Content Highlight: Joginder SHarma about MS Dhoni and 2007 T-20 World Cup Final