ഫുട്‌ബോള്‍ ലോകത്ത് ഒരു കാലത്തു തീരാത്ത തര്‍ക്കമാണ് ലയണല്‍ മെസിയാണോ ക്രിസ്റ്റിയനോ റൊണാള്‍ഡോയാണോ മികച്ച താരം എന്നുള്ളത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുവരും എന്നാല്‍ ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഭൂരിഭാഗം ആളുകള്‍ക്കും പറ്റാറില്ല.
ഇരുവരും ഫുട്‌ബോളില്‍ സജീവമായ വര്‍ഷം മുതല്‍ ഇന്നുവരെ ലൂകാ മോഡ്രിച് മാത്രമാണ് മെസിയേയും റോണോയേയും മറികടന്ന് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇരുവരുടെയും ആധിപത്യം ഇതിലൂടെ വ്യക്തമാണ്.
35ഉം, 37ഉം വയസുള്ള ഇരുവരും ഫുട്‌ബോളില്‍ നിന്നും ഉടനെ തന്നെ വിരമിച്ചേക്കാം. എന്നാല്‍ ഇപ്പോഴും ഫുട്‌ബോളിന്റെ പ്രധാന ആകര്‍ഷണം ഇവര്‍ രണ്ടുപേരും തന്നെയാണ്. ഇവരില്‍ മികച്ച താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ റയല്‍ താരമായ ജോര്‍ജ് വാല്‍ഡാനോ.
അര്‍ജന്റീനയുടെ സൂപ്പര്‍താരമായ മെസിയെക്കാള്‍ മുകളില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസമായ റോണാള്‍ഡോയെയാണ് അദ്ദേഹം പ്രതിഷ്ഠിക്കുന്നത്. മെസി ഒരു ജീനിയസാണെന്നും എന്നാല്‍ റോണോ ഒരു പ്രതിഭാസമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ജീനിയസ് എന്ന് പറഞ്ഞാല്‍ ജന്മനാ കിട്ടുന്ന കഴിവാണെന്നും എന്നാല്‍ പ്രതിഭാസങ്ങള്‍ സ്വയം മെനഞ്ഞെടുക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
‘റോണാള്‍ഡോ ഒരു പ്രതിഭാസമാണ്, മെസിയെ പോലെയൊരു ജീനിയസുമായി കമ്പയര്‍ ചെയ്യുമ്പോള്‍ അദ്ദേഹം ചിലപ്പോഴൊക്കെ പുറകിലാണെന്ന് തോന്നാം. പക്ഷെ പലപ്പോഴും ജീനിയസിനേക്കാള്‍ മുകളിലെത്താന്‍ പ്രതിഭാസങ്ങള്‍ക്ക് സാധിക്കും.
ജീനിയസ് എന്ന് പറഞ്ഞാല്‍ ജനിക്കുമ്പോള്‍ തന്നെ കഴിവുള്ളവരാണ്, എന്നാല്‍ പ്രതിഭാസങ്ങള്‍ കഴിവ് സൃഷ്ടിച്ചെടുക്കുന്നവരാണ്. റോണോ പുതിയ ഒരു ബോഡി തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അദ്ദേഹം കഷ്ടപ്പെട്ടതിനൊക്കെ ഉപകാരം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ജീനിയസിന്റെ കയ്യില്‍ നിന്നും കുറച്ചു ബാലണ്‍ ഡി ഓര്‍ തട്ടിയെടുക്കാനും പ്രതിഭാസത്തിന് സാധിച്ചിട്ടുണ്ട്,’ ജോര്‍ജ് വാല്‍ഡാനോ പറഞ്ഞു.
റോണോയും മെസിയും ചേര്‍ന്ന് 12 ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം മെസിയും അഞ്ചെണ്ണം റൊണാള്‍ഡോയുമാണ് നേടിയത്.