| Wednesday, 26th April 2023, 8:50 pm

നാണമുണ്ടോ നിനക്ക്? സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് തോന്ന്യവാസവും പടച്ചുവിടാം എന്നാണോ? റിപ്പോര്‍ട്ടര്‍ക്കെതിരെ ആഞ്ഞടിച്ച് മുംബൈ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം എഡിഷനില്‍ മികച്ച പ്രകടനമല്ല മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതടക്കം നാല് മത്സരങ്ങളിലാണ് മുംബൈ പരാജയപ്പെട്ടത്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ.

ടൂര്‍ണമെന്റിനിടെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി നല്‍കിക്കൊണ്ട് സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചര്‍ എം.ഐ ക്യാമ്പ് വിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. കൈമുട്ടിന് പരിക്കേറ്റതിന് പിന്നാലെ താരം ശസ്ത്രക്രിയക്കായി ബെല്‍ജിയത്തിലേക്ക് പറന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദി ടെലിഗ്രാഫായിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലിഗ്രാഫിനെ ഉദ്ധരിച്ച് വിവിധ കായിക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ പാടെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചര്‍. വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച ആര്‍ച്ചര്‍ തന്റെ അറിവോടെയല്ല ഇത് പുറത്തുവന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘വസ്തുതകളെ കുറിച്ച് ഒരു ബോധ്യവുമില്ലാതെയും എന്റെ സമ്മതമില്ലാതെയും എന്നെ കുറിച്ച് ആര്‍ട്ടിക്കിള്‍ എഴുതുന്നത് തീര്‍ത്തും ഭ്രാന്തമാണ്.

ഈ റിപ്പോര്‍ട്ടര്‍ ആരുതന്നെയായാലും നിങ്ങളെയോര്‍ത്ത് ലജ്ജിക്കുകയാണ്. ഒരു കളിക്കാരന്റെ മോശം സമയത്തെ സ്വന്തം നേട്ടത്തിനായി ചൂഷണം ചെയ്യുന്ന നിങ്ങളെപ്പോലെ ഉള്ളവരാണ് പ്രധാന പ്രശ്‌നം,’ ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു.

പരിക്കിന്റെ പിടിയിലായ ആര്‍ച്ചറിന് കഴിഞ്ഞ സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഐ.പി.എല്‍ 2023ന് മുമ്പ് പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ആര്‍ച്ചര്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകര്‍ കരുതിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആര്‍ച്ചര്‍ തന്നെ ടീമിന്റെ പേസ് നിരയെ മുന്നില്‍ നിന്ന് നയിക്കുമെന്നും ആരാധകര്‍ കരുതിയിരുന്നു.

എന്നാല്‍ ഇതുവരെ രണ്ട് മത്സരത്തില്‍ മാത്രമാണ് ആര്‍ച്ചറിന് പന്തെറിയാന്‍ സാധിച്ചത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നില്ല.

രണ്ട് മത്സരത്തില്‍ നിന്നും എട്ട് ഓവര്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ 75 റണ്‍സാണ് ഇതിനോടകം വഴങ്ങിയത്. പഞ്ചാബിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച പ്രകടനം.

വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഏപ്രില്‍ 30നാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

Content highlight: Jofra Archer slams reporter for spreading fake news

We use cookies to give you the best possible experience. Learn more