ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയായിരുന്നു സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ജോഫ്രാ ആര്‍ച്ചര്‍ പന്തെറിയാനെത്തിയത്. പരിക്ക് കൊണ്ടുപോയ കരിയറിലെ ഏറെ വിലപ്പെട്ട നാളുകള്‍ക്ക് ശേഷം കളത്തിലേക്കെത്തിയ ആര്‍ച്ചറും ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. എം.ഐ കേപ്ടൗണിന്റെ തുറുപ്പുചീട്ടായി മത്സരം സ്വന്തമാക്കിയാണ് ആര്‍ച്ചര്‍ തിരിച്ചുവരവ് റോയലാക്കിയത്.
നീണ്ട 541 ദിവസത്തിന് ശേഷമാണ് ആര്‍ച്ചര്‍ ടി-20 ഫോര്‍മാറ്റില്‍ പന്തെറിയാനെത്തിയത്. എം.ഐ കേപ്ടൗണും പാള്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയാണ് ആര്‍ച്ചര്‍ തിളങ്ങിയത്.
ഓപ്പണര്‍ വിഹാന്‍ ലൂബയെ പുറത്താക്കിക്കൊണ്ടായിരുന്നു ആര്‍ച്ചര്‍ തുടങ്ങിയത്. എട്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടി നില്‍ക്കവെയാണ് ആര്‍ച്ചറിനോട് പരാജയപ്പെട്ട് ലൂബെ മടങ്ങിയത്.
Back in #T20s after 541 days… and picks a wicket on his third ball! 😯
ലൂബെക്ക് പുറമെ മറ്റ് രണ്ട് താരങ്ങളും ആര്‍ച്ചറിന്റെ വന്യമായ വേഗതയുടെ കരുത്തറിഞ്ഞിരുന്നു. റോയല്‍സിന്റെ ക്യാപ്റ്റന്‍ കില്ലര്‍ മില്ലറെന്ന ഡേവിഡ് മില്ലറിനെയും ഫെറിസ്‌കോ ആഡംസിനെയുമാണ് ആര്‍ച്ചര്‍ പവലിയനിലേക്ക് മടക്കിയയച്ചത്.
31 പന്തില്‍ നിന്നും 42 റണ്‍സ് നേടി നില്‍ക്കവെയാണ് ആര്‍ച്ചര്‍ മില്ലറിനെ പറഞ്ഞയക്കുന്നത്. മികച്ച രീതിയില്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച മില്ലറിനെ പുറത്താക്കി കേപ്ടൗണിന് ആവശ്യമായ ബ്രേക്ക് ത്രൂവും ആര്‍ച്ചര്‍ നല്‍കിയിരുന്നു.
ആഡംസിനെയാകട്ടെ, നേരിട്ട ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ട്ടണിന്റെ കയ്യിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കിയാണ് ആര്‍ച്ചര്‍ മടക്കിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് ഒരു മെയ്ഡനുള്‍പ്പടെ 27 റണ്‍സിന് മൂന്ന് വിക്കറ്റാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. കേപ്ടൗണിന്റെ വിജയത്തില്‍ നിര്‍ണായകമായതും ആര്‍ച്ചറിന്റെ പ്രകടനം തന്നെ.
നേരത്തെ ടോസ് നേടിയ കേപ്ടൗണ്‍ റോയല്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് റോയല്‍സ് സ്വന്തമാക്കിയത്. ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ മില്ലറിന്റെ ഇന്നിങ്‌സുമാണ് റോയല്‍സിനെ തെറ്റില്ലാത്ത സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേപ്ടൗണ്‍ തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ചിരുന്നു. ഡെവാള്‍ഡ് ബ്രെവിസിന്റെയും റിയാന്‍ റിക്കല്‍ട്ടന്റെയും പ്രകടനത്തില്‍ അനായാസ വിജയം പിടിച്ചടക്കുകയായിരുന്നു. ബ്രെവിസ് 41 പന്തില്‍ നിന്നും പുറത്താവാതെ 70 റണ്‍സ് നേടിയപ്പോള്‍ റിക്കല്‍ട്ടണ്‍ 33 പന്തില്‍ നിന്നും 42 റണ്‍സ് നേടി പുറത്തായി.