മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം അടുത്തൊന്നും അവസാനിക്കാന്‍ പോണില്ലെന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പൊന്നും വിലകൊടുത്ത് വാങ്ങിയ ജോഫ്രാ ആര്‍ച്ചറിന് ഈ സീസണ്‍ കളിക്കാന്‍ സാധിക്കാതെ വന്നതുമുതല്‍ ടീമിന്റെ ദുരിതം തുടങ്ങിയിരുന്നു.
ഇപ്പോഴിതാ, ടീമിന്റെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ നിന്നും ഏറ്റവുമാദ്യം പുറത്തായതിന്റെ അപമാനഭാരത്തിന്‍ ഉഴറി നില്‍ക്കുമ്പോഴാണ് മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥയിലേക്ക് മുംബൈ വീണ്ടുമെത്തിയിരിക്കുന്നത്.
പരിക്ക് കാരണം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വീണ്ടും പരിക്കന്റെ പിടിയിലായിരിക്കുകയാണ് എന്ന വാര്‍ത്തയാണ് മുംബൈ ക്യാമ്പിനെ അലട്ടുന്നത്. നട്ടെല്ലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ഇതോടെ ആര്‍ച്ചറിന്റെ തിരിച്ചുവരവും ത്രിശങ്കുവിലാണ്.
2021ലാണ് താരം അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. പരിക്കിന്റെ പിടിയില്‍ നിന്നും പതുക്കെ പുറത്ത് വന്നതോടെ കഴിഞ്ഞ ആഴ്ചമുതല്‍ താരം പരിശീലനത്തിലിറങ്ങിയിരുന്നു.
എന്നാല്‍ പരിശീലനത്തിനിറങ്ങിയതിന് പിന്നാലെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അലട്ടുകയും പിന്നീട് നടത്തിയ വിദഗ്ധ പരിശേധനയിലാണ് എല്ലിന് പൊട്ടലുള്ളതായും കണ്ടെത്തിയത്.
ആര്‍ച്ചര്‍ പരിക്കിന്റെ പിടിയിലാണെന്നും എപ്പോഴാണ് താരം പൂര്‍ണസജ്ജനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.
ആര്‍ച്ചറിന്റെ പരിക്ക് ഇംഗ്ലണ്ടിനേക്കാള്‍ വേവലാതിയോടെ നോക്കിക്കാണുന്നത് മുംബൈ ഇന്ത്യന്‍സാണ്. 8 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരത്തെക്കൊണ്ട് ഈ സീസണിലല്ലെങ്കില്‍ അടുത്ത സീണിലെങ്കിലും ഉപയോഗമുണ്ടെന്ന് കരുതിയ ടീമിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കുന്നതായിരുന്നു താരത്തിന്റെ പരിക്ക്.