ഐ.പി.എല്‍ 2023ന് ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണിലെ നാണക്കേട് മറക്കുക എന്ന ഒറ്റ ഉദ്ദേശമാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് മുംബൈ കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്.
കളിച്ച 14 മത്സരത്തില്‍ പത്തിലും തോറ്റാണ് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി മാറിയത്. കേവലം എട്ട് പോയിന്റുമായി ആര്‍ച്ച് റൈവല്‍സായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും താഴെ പത്താമതായിട്ടായിരുന്നു കഴിഞ്ഞ സീസണില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാര്‍ തലകുനിച്ച് നിന്നത്.
കഴിഞ്ഞ സീസണില്‍ മുംബൈക്ക് പ്രധാന തലവേദനയായത് ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെ മോശം പ്രകടനമായിരുന്നു. ആവനാഴിയിലെ ബ്രഹ്‌മാസ്ത്രമായി കണക്കാക്കിയ സൂപ്പര്‍ താരം ജോഫ്രാ ആര്‍ച്ചറിന്റെ പരിക്കും ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു.
എന്നാല്‍, താരത്തിന്റെ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും മുക്തനായ ആര്‍ച്ചറിന്റെ വരവ് ഇത്തവണ പലതും തെളിയിക്കാന്‍ തന്നെയുള്ളതാണ്.
താരത്തിന്റെ മടങ്ങി വരവ് മുംബൈ ഇന്ത്യന്‍സ് ആഘോഷമാക്കുകയാണ്. ത്രീ ലയണ്‍സിന്റെ പേസറുടെ തിരിച്ചുവരവ് ആരാധകരെ ചില്ലറ ആവേശത്തിലൊന്നുമല്ല കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
ഇത്തവണ ഐ.പി.എല്ലില്‍ ജോഫ്രാ ആര്‍ച്ചര്‍ ടോ ക്രഷിങ് യോര്‍ക്കറുകളെറിഞ്ഞ് വിക്കറ്റുകള്‍ വാരിക്കൂട്ടുമെന്ന് മുംബൈ ആരാധകര്‍ക്ക് ഉറപ്പാണ്. ‘മുംബൈക്ക്’ വേണ്ടി താരം സമീപകാലത്ത് വിക്കറ്റുകള്‍ നേടിയിട്ടുണ്ട് എന്നത് തന്നെയാണ് ആ കോണ്‍ഫിഡന്‍സിന് കാരണവും.
ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20യില്‍ മുംബൈ ഇന്ത്യന്‍സിന്റെ തന്നെ ഫ്രാഞ്ചൈസിയായ എം.ഐ കേപ്ടൗണിന് വേണ്ടി താരം നടത്തിയ പ്രകടനങ്ങള്‍ തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
എന്നാല്‍ ജോഫ്രാ ആര്‍ച്ചര്‍ മടങ്ങിയെത്തുമ്പോഴേക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിന് പുറത്താകേണ്ട സാഹചര്യമാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലുള്ളത്. ബുംറയുടെ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ താരം ഈ സീസണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല.
ഏപ്രില്‍ രണ്ടിനാണ് സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.
മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്
ഡെവാള്‍ഡ് ബ്രെവിസ്, നേഹല്‍ വദേര, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, രാഘവ് ഗോയല്‍, രമണ്‍ദീപ് സിങ്, ഷാംസ് മുലാനി, ടിം ഡേവിഡ്, വിഷ്ണു വിനോദ്, ആകാശ് മധ്വാള്‍, അര്‍ഷദ് ഖാന്‍, ദുവാന്‍ ജെന്‍സന്‍, ഹൃതിക് ഷോകീന്‍, ജേസണ്‍ ബെഹന്‍ഡ്രോഫ്, ജസ്പ്രീത് ബുംറ, ജെയ് റിച്ചാര്‍ഡ്‌സണ്‍, ജോഫ്രാ ആര്‍ച്ചര്‍, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള.
Content Highlight: Jofra Archer returns to Mumbai Indians