| Wednesday, 16th August 2023, 7:08 pm

സ്റ്റോക്‌സ് ടീമിലെത്തിയപ്പോള്‍ ലോകകപ്പ് നേടിത്തന്ന വജ്രായുധം പുറത്ത്; ചിരിയും കരച്ചിലുമായി ലോകചാമ്പ്യന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ ത്രീ ലയണ്‍സിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. ഇതിനൊപ്പം ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ താത്കാലിക സ്‌ക്വാഡിലും ഇടം നേടാന്‍ ആര്‍ച്ചറിന് സാധിച്ചിട്ടില്ല.

ഐ.പി.എല്‍ 2023നിടെ പരിക്കേറ്റ ആര്‍ച്ചര്‍ ആഷസ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടൂര്‍ണമെന്റ് പകുതിവെച്ച് ഉപേക്ഷിച്ച് മടങ്ങിയിരുന്നു. എന്നാല്‍ പരിക്ക് ഭേദമാകാത്തതിന് പിന്നാലെ താരത്തിന് ആഷസും നഷ്ടമായിരുന്നു.

കരിയര്‍ തന്നെ ഇല്ലാതാക്കിയേക്കുമായിരുന്ന പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ആര്‍ച്ചറിനെ വീണ്ടും പരിക്ക് പിടികൂടിയതോടെ ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ലോകകപ്പും നഷ്ടമാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ താരം വളരെ വേഗം സുഖം പ്രാപിച്ചുവരികാണെന്നും ടൂര്‍ണമെന്റിന്റെ സെക്കന്‍ഡ് ഹാഫില്‍ ആര്‍ച്ചര്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കായി പന്തെറിയുമെന്നും ഇംഗ്ലണ്ട് ചീഫ് സെലക്ടര്‍ ലൂക് റൈറ്റ് വ്യക്തമാക്കി.

ആര്‍ച്ചര്‍ റിസര്‍വ് താരമായി ടീമിനൊപ്പം യാത്ര ചെയ്യുമെന്നും അദ്ദേഹത്തിന്റെ പുരോഗതി വളരെ സൂക്ഷ്മമായി പരിശോധിക്കുമെന്നും റൈറ്റ് പറഞ്ഞു. ലോകകപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ആര്‍ച്ചര്‍ ടീമിന്റെ ഭാഗമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിനുള്ള സമയം അതിക്രമിച്ചുപോയെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു ആര്‍ച്ചര്‍ വഹിച്ചത്. 11 മത്സരത്തില്‍ നിന്നും 20 വിക്കറ്റാണ് ആര്‍ച്ചര്‍ പിഴുതെറിഞ്ഞത്.

അതേസമയം, യുവതാരം ഗസ് ആറ്റ്കിന്‍സണെയാണ് ആര്‍ച്ചറിന് പകരക്കാരനായി ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ വേണ്ടത്ര അനുഭവമില്ലെങ്കിലും മിന്നുന്ന ഫോമാണ് താരത്തെ തുണച്ചത്.

അതേസമയം, ഇംഗ്ലണ്ട് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സ്റ്റോക്‌സ്, ലോകകപ്പിലും ത്രീ ലയണ്‍സിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ജോസ് ബട്‌ലര്‍, മോയിന്‍ അലി, ഗസ് ആറ്റ്കിന്‍സണ്‍, ജോണി ബെയര്‍സ്റ്റോ, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, റീസി ടോപ്‌ലി, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്.

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ജോസ് ബട്‌ലര്‍, രെഹന്‍ അഹമ്മദ്, മോയിന്‍ അലി, ഗസ് ആറ്റ്കിന്‍സണ്‍, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോഷ് ടംഗ്, ജോണ്‍ ടര്‍ണര്‍, ലൂക്ക് വുഡ്.

Content highlight: Jofra Archer is not part of England’s provisional squad and could miss the World Cup

Latest Stories

We use cookies to give you the best possible experience. Learn more