| Thursday, 22nd December 2022, 9:09 pm

ആരാ വന്നിരിക്കുന്നേ എന്ന് നോക്കെടാ... ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ആഘോഷരാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ആശ്വാസം. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന്റെ തിരിച്ചുവരവാണ് ഇംഗ്ലണ്ട് സ്‌ക്വാഡിനെയും മുംബൈ ഇന്ത്യന്‍സിനെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഏറെ നാളായി പരിക്കിന്റെ പിടിയിലകപ്പെട്ട ആര്‍ച്ചറിന്റെ മടങ്ങി വരവാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ആര്‍ച്ചറിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് ആര്‍ച്ചറിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.

ആര്‍ച്ചറിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിനെ പോലെ തന്നെ മുംബൈ ഇന്ത്യന്‍സിനും നല്‍കുന്ന പ്രതീക്ഷകളേറെയാണ്. ആര്‍ച്ചര്‍ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം മടങ്ങിയെത്തുന്നതോടെ വരാനിരിക്കുന്ന ഐ.പി.എല്ലിലും കളിച്ചേക്കും.

കഴിഞ്ഞ വര്‍ഷമാണ് താരം അവസാനമായി ഇംഗ്ലണ്ടിന്റെ ജേഴ്സിയിലെത്തിയത്. 2021 മാര്‍ച്ചില്‍ ഇന്ത്യക്കെതിരെ നടന്ന ടി-20യിലായിരുന്നു അവസാനം ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞത്.

പരിക്കിന്റെ പിടിയിലായതിന് പിന്നാലെ 2022 ഐ.പി.എല്ലും ആര്‍ച്ചറിന് നഷ്ടമായിരുന്നു. പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒറ്റ മത്സരം പോലും ആര്‍ച്ചറിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

എട്ട് കോടി രൂപക്കായിരുന്നു താരത്തെ മുംബൈ ടീമിലെത്തിച്ചത്. സീസണ്‍ പകുതിയോടെ താരം ടീമിനൊപ്പം ചേരുമെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ. എന്നാല്‍ പരിക്ക് കാരണം താരത്തിന് ഐ.പി.എല്‍ 2022 പൂര്‍ണമായും നഷ്ടമാവുകയായിരുന്നു.

കൈമുട്ടിനേറ്റ പരിക്ക് സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സസക്സിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നട്ടെല്ലിനേറ്റ ക്ഷതത്തിന്റെ രൂപത്തില്‍ പരിക്ക് പിടികൂടിയതോടെ തിരിച്ചുവരവ് വീണ്ടും നീളുകയായിരുന്നു.

എന്നാലിപ്പോള്‍ ആര്‍ച്ചര്‍ തിരിച്ചെത്തിയതോടെ ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയുടെ ശക്തിയും വര്‍ധിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്:

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോഫ്രാ ആര്‍ച്ചര്‍, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ഫില്‍ സോള്‍ട്ട്, ഒലി സ്‌റ്റോണ്‍, റീസി ടോപ്‌ലി, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്

Content Highlight: Jofra Archer is back in the England squad

We use cookies to give you the best possible experience. Learn more