Sports News
സഞ്ജുവിനെ പേടിപ്പിച്ച ആര്‍ച്ചറിനെ നാണംകെടുത്തി വിട്ടിട്ടുണ്ട്; ലോകത്തെ മോശം റെക്കോഡില്‍ രണ്ടാമന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 03, 05:02 am
Monday, 3rd February 2025, 10:32 am

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും മോശം റെക്കോഡുമായാണ് താരം കളംവിട്ടത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഷോട്ട് ബോളില്‍ കുരുക്കി പുറത്താക്കി ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പരമ്പരയില്‍ ഏറ്റവും അധികം സിക്‌സറുകള്‍ വഴങ്ങുന്ന താരമായി മാറാനാണ് ആര്‍ച്ചറിന് സാധിച്ചത്. 14 സിക്‌സറുകളാണ് ആര്‍ച്ചര്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്ന് വഴങ്ങിയത്.

ഇതോടെ അഞ്ച് മത്സരങ്ങള്‍ ഇന്റര്‍നാഷണല്‍ ടി-20 പരമ്പരയില്‍ ഏറ്റവും അധികം സിക്‌സറുകള്‍ വഴങ്ങുന്ന രണ്ടാമത്തെ താരമെന്ന മോശം റെക്കോഡാണ് ആര്‍ച്ചറിന്റെ തലയില്‍ വീണത്. ഈ മോശം ലിസ്റ്റില്‍ ഒന്നാമതുള്ളത് സൗത്ത് ആഫ്രിക്കയുടെ ലുങ്കി എന്‍ഗിഡിയാണ്. 2021ല്‍ വെസ്റ്റ് ഇന്‍ഡീസിനോടുള്ള അഞ്ച് ടി-20 മത്സരങ്ങളില്‍ നിന്ന് 16 സിക്‌സറുകളാണ് താരം വഴങ്ങിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ സഞ്ജു മൂന്ന് തവണ ആര്‍ച്ചറിന്റെ പിടിയിലായെങ്കിലും അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തില്‍ ആദ്യ ഓവറില്‍ ആര്‍ച്ചറിനെ തുടര്‍ച്ചയായി രണ്ട് സിക്‌സും ഒരു ഫോറും പറത്തി സഞ്ജു പകവീട്ടിയിരുന്നു. ഏറെ കാലത്തിന് ശേഷം ഇന്ത്യയോട് കളിക്കാനെത്തിയ ആര്‍ച്ചര്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അടുത്ത് നിന്ന് ശരിക്കും വാങ്ങിവെച്ചിട്ടുണ്ട്.

അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. 54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

താരത്തിന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യകൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ഒടുവില്‍ ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്. വെറും 17 മത്സരങ്ങളിലെ 16 ഇന്നിങ്സില്‍ നിന്ന് രണ്ട് സെഞ്ച്വറിയാണ് അഭിഷേക് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല ഇന്ത്യയുടെ താരങ്ങളുടെ വെടിക്കെട്ട് പ്രകടനങ്ങളും കൂറ്റന്‍ വിജയങ്ങളും ക്രിക്കറ്റ് ലോകത്ത് വലിയ ഡോമിനേഷനാണ് ഉണ്ടാക്കിയെടുക്കുന്നത്.

Content Highlight: Jofra Archer In Unwanted Record Achievement