ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് രണ്ടിലെ ശക്തരായ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലാണ് മത്സരം. സെന്റ് ലൂസിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പട ഈ മത്സരത്തിനിറങ്ങുന്നത്. സൗത്ത് ആഫ്രിക്കയാകട്ടെ അമേരിക്കയെ 18 റണ്‍സിന് തകര്‍ത്ത അതേ ആത്മവിശ്വാസത്തിലാണ് ഈ മത്സരത്തിനും കളത്തിലിറങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. അര്‍ധസെഞ്ച്വറി നേടിയ ഡി കോക്കിന്റെയും 28 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെയും ബാറ്റിങ് കരുത്തിലാണ് സൗത്ത് ആഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
എന്നാല്‍ മധ്യ ഓവറുകളില്‍ വേഗത കുറഞ്ഞതും, അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പോയതുമാണ് പ്രോട്ടിയാസിന്റെ ബാറ്റിങ്ങിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറാണ് സൗത്ത് ആഫ്രിക്കയുടെ നടുവൊടിച്ചത്. നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 21 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. അതില്‍ 17 റണ്ണും ഡികോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. എന്നാല്‍ പിന്നീട് ആര്‍ച്ചര്‍ എറിഞ്ഞ മൂന്ന് ഓവറില്‍ വെറും 19 റണ്ണാണ് ആര്‍ച്ചര്‍ വഴങ്ങിയത്. 20ാം ഓവറിന്റെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറിനെയും തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ യാന്‍സണെയും പുറത്താക്കി ആര്‍ച്ചര്‍ മികവ് കാട്ടി.
അതേസമയം വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ആറോവര്‍ പിന്നടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് നേടിയത്. 11 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയാണ് ഇംഗ്ലീഷ് പടക്ക് നഷ്ടമായത്. 13 പന്തില്‍ 11 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 16 പന്തില്‍ 15 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.
Content Highlight: Jofra Archer got three wickets against South Africa after conceded 21 runs in first over