ഇംഗ്ലീഷ് പുതുതലമുറയിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ജോഫ്ര ആര്‍ച്ചര്‍. എതിരാളികളെ മുട്ടിടിപ്പിക്കുന്ന ഒട്ടനേകം അസ്ത്രങ്ങള്‍ ആര്‍ച്ചറിന്റെ ആവനാഴിയിലുണ്ട്. കുറ്റി തെറിപ്പിക്കുന്ന യോര്‍ക്കറുകളും ബാറ്ററുടെ കണ്ണിനുമുന്നിലൂടെ മൂളിപ്പറക്കുന്ന ബൗണ്‍സറുകളും അക്കൂട്ടത്തില്‍പ്പെടും.
ഇപ്പോഴിതാ താനെറിഞ്ഞ മാരകമായ ഒരു ബൗണ്‍സറിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
2019ലെ ആഷസില്‍ ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്തിനെതിരെ എറിഞ്ഞ ഒരു ബൗണ്‍സര്‍ അദ്ദേഹത്തിന്റെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു. താഴെ വീണ സ്മിത്ത് മരിച്ചു പോയെന്നാണ് അപ്പോള്‍ താന്‍ കരുതിയതെന്നാണ് ആര്‍ച്ചര്‍ പറയുന്നത്.
ആ ബൗണ്‍സര്‍ അത്രയ്ക്കും മാരകമായിരുന്നു എന്നാണ് ആര്‍ച്ചര്‍ സ്വയം വിലയിരുത്തുന്നത്.
‘പന്ത് കൊണ്ട അദ്ദേഹം വേദന കൊണ്ട് പുളയുകയായിരുന്നു. ഞാന്‍ കരുതി കാര്യങ്ങള്‍ കൈവിട്ട് പോയെന്ന്. പക്ഷേ അദ്ദേഹത്തിന് കാര്യമായി ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. അദ്ദേഹം വീണ്ടും ബാറ്റ് ചെയ്തു.
ക്രിക്കറ്റില്‍ പിച്ചില്‍ വെച്ച് ഒരു ദുരന്തം ആരും ആഗ്രഹിക്കില്ല. മുമ്പ് അങ്ങനെ ഒരു സംഭവം നടന്നിരുന്നു, ഇനി അത്തരത്തിലൊന്ന് ഉണ്ടാവരുത്,’ ആര്‍ച്ചര്‍ പറയുന്നു.
ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയില്‍ പന്ത് കൊള്ളുമ്പോള്‍ സാധാരണയുണ്ടാവുന്നതിനേക്കാള്‍ ഇരട്ടിയാവും വേദനയെന്നും, എന്നാല്‍ ടീമിന് വേണ്ടി റിസ്‌ക് എടുത്തുകൊണ്ടാണ് സ്മിത്ത് വീണ്ടും ബാറ്റിംഗ് തുടര്‍ന്നതെന്നും ആര്‍ച്ചര്‍ പറയുന്നു.
2019 ആഷസില്‍ ഒരിക്കല്‍ പോലും ആര്‍ച്ചറിന് സ്മിത്തിനെ പുറത്താക്കാന്‍ പറ്റിയിരുന്നില്ല.