സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഒരുപാട് കഥകള്‍ പ്രചരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയുടെ രൂപത്തില്‍ കഥ പറയുന്ന ചിത്രമാണ് ഇതെന്ന തരത്തില്‍ പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.
1980കളില്‍ മലയാളത്തിലെ ഒരു സിനിമാസെറ്റില്‍ നടന്ന ക്രൈമിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് റൂമറുകള്‍. മമ്മൂട്ടിയെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന സിനിമയുടെ സെറ്റാണ് സിനിമയുടെ പ്രധാന ഭാഗമെന്ന് ട്രെയ്‌ലറില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ പഴയ ഗെറ്റപ്പ് എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുമെന്ന തരത്തിലും റൂമറുകളുയര്‍ന്നിരുന്നു. അത്തരം റൂമറുകളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ.
ചിത്രത്തിന്റെ കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇത്തരത്തില്‍ പല കാര്യങ്ങളും ആവശ്യമായി വരുമെന്ന് ഉറപ്പായിരുന്നുവെന്ന് ജോഫിന്‍ പറഞ്ഞു. സിനിമക്ക് ആവശ്യമായിട്ടുള്ള ചില കാര്യങ്ങള്‍ തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതെല്ലാം തിയേറ്ററില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്ന് ഉറപ്പാണെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു. എ.ഐയും സി.ജി.ഐയും ആവശ്യമായിട്ടുള്ള കഥയാണ് രേഖാചിത്രത്തിന്റേതെന്നും ജോഫിന്‍ പറഞ്ഞു.
എന്നാല്‍ അത് ഏതൊക്കെയാണെന്നും എപ്പോളാണെന്നും പറഞ്ഞാല്‍ കഥയുടെ സസ്‌പെന്‍സ് പോകുമെന്നും തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ ആ സമയത്ത് അറിയുന്നതാണ് അതിന്റെ ഭംഗിയെന്നും ജോഫിന്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ സിനിമയിലെ ക്രൂ മെമ്പര്‍മാര്‍ ചിത്രത്തില്‍ ഗസ്റ്റ് റോളിലെത്തുമോ എന്ന കാര്യവും തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ജോഫിന്‍ വ്യക്തമാക്കി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജോഫിന്‍ ടി. ചാക്കോ.
‘ഇതിന്റെ സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ തന്നെ ഒരുപാട് സര്‍പ്രൈസുകള്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രീതിയില്‍ വിഷ്വലൈസ് ചെയ്യേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അതില്‍ എ.ഐയും സി.ജി.ഐയും ഒക്കെ വേണ്ടിവന്നു. പക്ഷേ അത് എന്തൊക്കെയാണ് എങ്ങനെയാണ് എന്നത് സര്‍പ്രൈസായി നിലനിര്‍ത്തുന്നതാണ് ഭംഗി.
കാരണം, സിനിമ കാണാനായി തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് അതെല്ലാം നല്ലൊരു എക്‌സ്പീരിയന്‍സാകണമല്ലോ. എന്നാല്‍ മാത്രമല്ലേ അതിന്റെ ഇംപാക്ട് കൃത്യമായി കിട്ടുള്ളൂ. മറ്റ് ചില സര്‍പ്രൈസ് കാസ്റ്റിങ്ങുകളും ഉണ്ടെന്നുള്ള തരത്തില്‍ ഒരുപാട് പോസ്റ്റുകള്‍ ഞാന്‍ കണ്ടു. അതിനൊന്നും മറുപടി പറയുന്നില്ല. അതൊക്കെ സസ്‌പെന്‍സായി തന്നെ നിലനില്‍ക്കട്ടെ,’ ജോഫിന്‍ ടി. ചാക്കോ പറയുന്നു.
Content Highlight: Jofin T Chacko about Mammooty’s cameo in Rekhachithram