| Wednesday, 14th August 2024, 12:50 pm

അങ്ങനെ അദ്ദേഹം കാരണം ഞാന്‍ സിനിമയില്‍ സംസാരിച്ചു: ജോമോന്‍ ജ്യോതിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം എന്ന സിനിമയിലെ ഡി.ജെ ബാബുവായി വന്ന് ശ്രദ്ധ നേടിയ അഭിനേതാവാണ് ജോമോന്‍ ജ്യോതിര്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ യൂട്യൂബില്‍ വിഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രം റീല്‍സിലൂടെയും ജോമോന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാലിമി എന്ന സിനിമയിലെ ജോമോന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന 150 കോടി നേടിയ ചിത്രത്തിലെ ജോമോന്റെ സൈക്ക്യട്രിസ്റ്റ് ജോര്‍ജിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഗൗതമന്റെ രഥം എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സംവിധായകന്‍ ആണ് ആനന്ദ് മേനോന്‍. ആനന്ദ് മേനോന്റെ ഏറ്റവും പുതിയ ചിത്രമായ വാഴ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു. തന്നെ സിനിമയില്‍ സംസാരിപ്പിച്ചത് ആനന്ദ് മേനോന്‍ ആണെന്ന് ബീറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ജോമോന്‍ ജ്യോതിര്‍.

‘ഗൗതമന്റെ രഥത്തിലും കല്ല്യാണ കച്ചേരിയിലും ഞാനും ആനന്ദ് മേനോനും ഒന്നിച്ചുണ്ടായിരുന്നു. എന്നെ ആദ്യമായി സിനിമയില്‍ സംസാരിപ്പിച്ച ആള്‍ ആനന്ദ് ആണ്. അദ്ദേഹത്തിന്റെ പടത്തിലാണ് എനിക്ക് ആദ്യമായി ഡയലോഗ് കിട്ടുന്നത്. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നേരത്തെ കണക്ഷന്‍ ഉണ്ടായിരുന്നു,’ ജോമോന്‍ ജ്യോതിര്‍ പറയുന്നു.

വാഴ സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയുണ്ടായിരുന്നില്ലെന്നും ഷൂട്ടിങ്ങിന്റെ തുടക്കത്തില്‍ തന്നെ എല്ലാവരുമായി നല്ല കമ്പനി ആയെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

‘വാഴ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് പേടിയോ മറ്റു കാര്യങ്ങളോ ഒന്നും ഇല്ലായിരുന്നു. കാരണം ഇവരൊക്കെ ആയിട്ട് ആദ്യമേ തന്നെ നല്ല കമ്പനി ആയിരുന്നു. നസീറിക്ക ഒക്കെ ആദ്യം സെറ്റില്‍ വരുമ്പോള്‍ ഭയങ്കര ജാഡ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അങ്ങനെ ഒന്നും അല്ലായിരുന്നു. പുള്ളി വന്നപ്പോള്‍ തന്നെ ഞങ്ങളുമായിട്ട് കോമഡി ഒക്കെ പറഞ്ഞു നല്ല കമ്പനി ആയി,’ ജോമോന്‍ ജ്യോതിര്‍ പറയുന്നു.

Content Highlight: Joemon Jyothir Talks About Vaazha movie and Director Anand  Menon

We use cookies to give you the best possible experience. Learn more