ആദ്യം കളിച്ച രണ്ട് കളിയിലും തോല്‍വി ഏറ്റുവാങ്ങിയ അഫ്ഗാന്‍ ആദ്യ വിജയം പ്രതീക്ഷിച്ചാണ് ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. കരുത്തരായ ഇംഗ്ലണ്ടിനോട് മുട്ടുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ആര്‍ക്കും വലിയ പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തറപറ്റിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് അഫ്ഗാനെ ബാറ്റിങ്ങിനയച്ചു. 57 പന്തില്‍ 80 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് ടീമിനെ 284 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നിര്‍ണായകഘട്ടത്തില്‍ ഇക്രം അലിഖില്‍ 66 പന്തില്‍ 58 റണ്‍സും മുജീബ് ഉര്‍ റഹ്‌മാന്‍ 16 പന്തില്‍ 28 റണ്‍സ് നേടിയത് ടീമിന് രക്ഷയായി.
ഗുര്‍ബാസിന്റെയും അലിഖിലിന്റെയും സെഞ്ച്വറിക്ക് പുറമെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ മറ്റൊരു സംഭവവും അഫ്ഗാന്‍ ഇന്നിങ്‌സില്‍ നടന്നിരുന്നു. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനെ പുറത്താക്കാന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ജോ റൂട്ടെടുത്ത ക്യാച്ചാണ് ചര്‍ച്ചാ വിഷയം.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ആദില്‍ റഷീദാണ് റാഷിദ് ഖാനെ പുറത്താക്കിയത്. സ്പിന്‍ മാന്ത്രികരായ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ റാഷിദ് വീശിയടിച്ച പന്ത് ലോങ് ഓണില്‍ ജോ റൂട്ട് ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും മികച്ച ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
View this post on Instagram
ടീം സ്‌കോര്‍ 233ല്‍ നില്‍ക്കവെയാണ് റാഷിദ് പുറത്താകുന്നത്. 22 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം പുറത്തായത്.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ ലക്ഷ്യം ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 215 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് അഫ്ഗാന്‍ ബൗളിങ് നിരയോട് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറാനും അഫ്ഗാനിസ്ഥാനായി. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് നിലവില്‍ അഫ്ഗാന്‍ സിംഹങ്ങള്‍ക്കുള്ളത്.
ഒക്ടോബര്‍ 18നാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Joe Roots brilliant catch to dismiss Rashid Khan