ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയുടെ 73ാം എഡിഷനാണ് ഇംഗ്ലണ്ട് വേദിയാകുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ പരമ്പരയില്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പര സജീവമാക്കി നിര്‍ത്താന്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെയും ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെയും കരുത്തില്‍ ഓസീസ് 416 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി.
സ്റ്റീവ് സ്മിത്ത് 110 റണ്‍സ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 77 റണ്‍സും ഡേവിഡ് വാര്‍ണര്‍ 66 റണ്‍സും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ജോഷ് ടങ്ക്, ഒലി റോബിന്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോ റൂട്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും സ്മിത്തിനെ തേടിയെത്തിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ 9,000 റണ്‍സ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15,000 റണ്‍സ് തുടങ്ങി നിരവധി നേട്ടങ്ങള്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
സ്മിത്തിന് പുറമെ റെക്കോഡ് നേട്ടത്തില്‍ തിളങ്ങിയ മറ്റൊരു താരവുമുണ്ടായിരുന്നു. ഇംഗ്ലണ്ട് സൂപ്പര്‍ താരവും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ടിന്റെ പേരിലാണ് ഒരു അപൂര്‍വ നേട്ടം പിറന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ട് വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് ആഷസ് പരമ്പരയിലെ അത്യപൂര്‍വ റെക്കോഡിന് താരം അര്‍ഹനായിരിക്കുന്നത്.
ആഷസിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ടേ രണ്ട് താരങ്ങള്‍ക്ക് മാത്രം സ്വന്തമായുണ്ടായിരുന്ന ആഷസ് ഡബിളാണ് ഇപ്പോള്‍ റൂട്ടിനെ തേടിയെത്തിയത്. ആഷസ് പരമ്പരയില്‍ 2,000 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായി ഇടം നേടിയാണ് റൂട്ട് റെക്കോഡ് നേട്ടത്തിന്റെ ഭാഗമായത്.
ഓസ്‌ട്രേലിയന്‍ താരമായ വാര്‍വിക് ആംസ്‌ട്രോങ് (2,172 റണ്‍സ്, 74 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ വാലി ഹാമ്മണ്ട് (2,852 റണ്‍സ്, 36 വിക്കറ്റ്) എന്നിവരാണ് ആഷസ് ഡബിള്‍ നേടിയ മറ്റ് താരങ്ങള്‍.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് ഓവര്‍ പന്തെറിഞ്ഞ റൂട്ട് വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 2.38 എന്ന എക്കോണമിയിലാണ് ആദ്യ ഇന്നിങ്‌സില്‍ റൂട്ട് പന്തെറിഞ്ഞത്.
നൂറിലധികം സ്‌ട്രൈക്ക് റേറ്റുമായി സ്‌കോര്‍ ഉയര്‍ത്തിയ ട്രാവിസ് ഹെഡിനെയാണ് റൂട്ട് ആദ്യം പുറത്താക്കിയത്. 75ാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചാണ് റൂട്ട് ഹെഡിനെ മടക്കിയത്.
ഓവറിലെ അഞ്ചാം പന്തില്‍ അപകടകാരിയായ കാമറൂണ്‍ ഗ്രീനിനെ ബ്രോണ്‍സ് ഡക്കാക്കിയും റൂട്ട് പുറത്താക്കിയിരുന്നു. ജെയിംസ് ആന്‍ഡേഴ്ണ് ക്യാച്ച് നല്‍കിയായിരുന്നു ഗ്രീന്‍ മടങ്ങിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 57 വിക്കറ്റാണ് റൂട്ട് ഇതിനോടകം പിഴുതത്. 45.00 ആവറേജിലും 83.51 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന റൂട്ടിന്റെ മികച്ച പ്രകടനം എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്. ഈ ഒരു തവണ മാത്രമാണ് റൂട്ടിന് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാന്‍ സാധിച്ചതും.
Content Highlight: Joe Root with unique Ashes record