| Sunday, 5th June 2022, 8:46 pm

റൂട്ടിന് മുന്നില്‍ ഇന്ത്യയുടെ കോഹ്‌ലിയടക്കം ബാക്കി മൂന്ന് പേര്‍ വിയര്‍ക്കും ! ഒരുപിടി റെക്കോഡുകളുമായി ജോ റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ജോ റൂട്ടിന്റെ തോളിലേറി ഇംഗ്ലണ്ടിന് വിജയം. നാലാം ഇന്നിംഗ്‌സില്‍ 277 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 5 വിക്കറ്റിന് വിജയിക്കുകയായിരുന്നു. 115 റണ്ണുമായ പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ വിജയിത്തിലേക്ക് നയിച്ചത്.

സെഞ്ച്വറിക്ക് പുറമെ അനവധി റെക്കോഡ് കൈക്കലാക്കിയാണ് റൂട്ട് കളം വിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന മാന്ത്രിക സംഖ്യ കടക്കുന്ന 14ാമത്തെ ബാറ്ററായി ഇതോടെ റൂട്ട് മാറി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാളായി റൂട്ട് മാറി.

31 വയസും 157 ദിവസവുമായിരുന്നു റൂട്ടിന്റെ പ്രായം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്കിന്റെ കൂടെയാണ് റൂട്ട് റെക്കോഡ് പങ്കിട്ടത്.

മോഡേണ്‍ ക്രിക്കറ്റില്‍ ഫാബുലസ് ഫോര്‍ എന്ന് വിശേഷിപ്പിക്കുന്ന കളിക്കാരില്‍ ഒരാളാണ് ജോ റൂട്ട്. ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ഇതിഹാസം സ്റ്റീവ് സ്മിത്, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി എന്നിവരാണ് മറ്റ് മൂന്നുപേര്‍.

ഈ നാല് കളിക്കാരില്‍ ടെസ്റ്റില്‍ 10000 റണ്‍സ് നേടിയ ആദ്യ കളിക്കാരനായും റൂട്ട് മാറി. 2020 ന് ശേഷം ബാക്കി മൂന്ന് പേരേക്കാളും ഒരുപാട് മുന്നിലേക്കെത്താന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. ഏറ്റവും പുറകിലേക്ക് വലിഞ്ഞത് ഇന്ത്യയുടെ വിരാട് കോഹ്‌ലിയും.

2020ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ 9 സെഞ്ച്വറികളാണ് റൂട്ട് അടിച്ചുകൂട്ടിയത്. കോഹ്‌ലിയാകട്ടെ സെഞ്ച്വറിയൊന്നും നേടിയിട്ടില്ല. വില്ല്യംസണ്‍ മൂന്ന് സെഞ്ച്വറികള്‍ ഈ കാലയളവില്‍ നേടിയപ്പോള്‍ സ്റ്റീവ് സ്മിത് ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്.

വെറും 21 മത്സരത്തില്‍ നിന്നുമാണ് റൂട്ട് ഈ ഒമ്പത് സെഞ്ച്വറി അടിച്ചത്.

ഈ നാല് കളിക്കാരുടേയും ടീമുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏറ്റവും മോശം ബാറ്റിംഗ് ലൈനപ്പ് എന്ന് ക്രിക്കറ്റ് ലോകം കണക്കാക്കുന്നത് ഇംഗ്ലണ്ടിന്റെയാണ്. ടീമിനെ ഒറ്റക്ക് നിന്ന് ഒരുപാട് തവണ കരകയറ്റിയിട്ടുള്ളത് റൂട്ടാണ്. ഇന്നത്തെ മത്സരം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

98 റണ്ണില്‍ നില്‍ക്കുമ്പോള്‍ രണ്ട് റണ്‍ ഓടിയാണ് റൂട്ട് ശതകം തികച്ചത്. ആ റണ്ണില്‍ തന്നെയായിരുന്നു താരം 10000 റണ്ണും തികച്ചത്. ചരിത്രപരമായ മൊമെന്റിനായിരുന്നു ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായത്.

1990ത്തിന് ശേഷം ജനിച്ച കളിക്കാരില്‍ 10000 റണ്‍ തികയ്ക്കുന്ന ആദ്യ കളിക്കാരനായി റൂട്ട് മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി 17000 റണ്‍ നേടുന്ന ആദ്യ താരമായും റൂട്ട് മാറി.

ഒരുപിടി റെക്കോഡുകളുമായി റൂട്ട് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചപ്പോള്‍, നയിച്ച ആദ്യ ടെസ്റ്റ് തന്നെ ജയിക്കാന്‍ സാധിച്ചതന്റെ സന്തോഷത്തിലാണ് ബെന്‍ സ്‌റ്റോക്‌സ്. റൂട്ടുമായി അഞ്ചാം വിക്കറ്റില്‍ സ്‌റ്റോക്‌സ് മികച്ച പാര്‍ട്‌നര്‍ഷിപ്പ് നടത്തിയിരുന്നു.

ജൂലൈയില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ ഫോമില്‍ കളിക്കുന്ന റൂട്ട് തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

Content Highlights: Joe Root reached 10000 runs landmark in test cricket

We use cookies to give you the best possible experience. Learn more