Sports News
ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയില്ല; ഇംഗ്ലണ്ടിന്റെ പുതിയ താരോദയത്തെക്കുറിച്ച് ജോ റൂട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 15, 09:53 am
Monday, 15th July 2024, 3:23 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ 114 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സിന് മുകളില്‍ 371 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 136 റണ്‍സ് മാത്രമാണ് വിന്‍ഡീസ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 704* വിക്കറ്റ് നേട്ടവുമായി താരം വിരമിക്കുകയും ചയ്തിരുന്നു. ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടി അമ്പരപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്സിലും കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടിയാണ് ആറ്റ്കിന്‍സണ്‍ വരവറിയിച്ചത്. ഇതോടെ തന്റെ ആദ്യ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഗസ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍ പടിയിറങ്ങിയപ്പോള്‍ ടീമിന്റെ ബൗളിങ് യൂണിറ്റിന്റെ ഭാവിയെക്കുറിച്ച് ക്യാപ്റ്റന്‍ ജോ റൂട്ട് സംസാരിച്ചിരുന്നു. ഗസിന്റെ പ്രകടനം മുന്‍ നിര്‍ത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാവിയെക്കുറിച്ച് ആശങ്കയില്ല, ഞങ്ങളുടെ എക്കാലത്തെയും മികച്ച ബൗളറെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു, പക്ഷേ ഗസ് ആറ്റ്കിങ്‌സണ്‍ ടീമില്‍ എത്തിയപ്പോള്‍ ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് മനസിലായി, ഞങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്,’ ജോ റൂട്ട്.

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് വമ്പന്‍ ആത്മവിശ്വാസത്തിലാണ്. ഇരുവരും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ജൂലൈ 18 മുതല്‍ 22 വരെയാണ് നടക്കുക.

 

Content Highlight: Joe Root Talking About Gus Atkinson