ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ലോഡ്‌സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്.
ആദ്യ ദിനത്തില്‍ ഓപ്പണറായ ബെന്‍ ഡക്കറ്റ് 40 റണ്‍സ് നേടിയപ്പോള്‍, ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിന് സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് തുണയായത്.
206 പന്തില്‍ 18 ഫോര്‍ നേടിയാണ് താരം 143 റണ്‍സ് അടിച്ചുകൂട്ടിയത്. ലങ്കന്‍ പേസര്‍ മിലന്‍ രത്‌നയാകെയുടെ പന്തില്‍ പാത്തും നിസങ്കയയ്ക്ക് ക്യാച്ച് കൊടുത്താണ് റൂട്ട് മടങ്ങിയത്. ടെസ്റ്റ് ഫോര്‍മാറ്റിലെ 33ാം സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്സില്‍ കുറിച്ചത്. 145ാം മത്സരത്തിലെ 264ാം ഇന്നിങ്സിലാണ് റൂട്ട് തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.
താരത്തിന് പുറമെ എട്ടാം നമ്പറില്‍ ഇറങ്ങിയ ഗസ്സ് ആറ്റ്കിന്‍സണ്‍ 81 പന്തില്‍ 74 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ് നാല് സിക്‌സറും അഞ്ച് ഫേറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയ ശേഷം റൂട്ട് മറ്റൊരറ്റത്ത് നിന്ന ഗസ്സിനെക്കുറിച്ച് സംസാരിച്ചിരുന്നു.
‘ഒരറ്റത്ത് നിന്ന് ഗസ്സിയുടെ ബാറ്റിങ് വളരെ മികച്ചതായിരുന്നു. അവന്‍ നേടുന്ന സ്‌ട്രൈറ്റ് സിക്‌സുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. അത് ജാക്‌സ് കാലിസ് കളിക്കുന്നത് പോലെയായിരുന്നു. ഇത് അവനെ സംബന്ധിച്ചിടത്തോളം ചെറുതും എന്നാല്‍ വളരെ മികച്ചതുമായ ഇന്നിങ്‌സാണ്. മാത്രമല്ല അവനുമായി നല്ലൊരു പാര്‍ടണര്‍ഷിപ്പ് ഉണ്ടായിരുന്നു. അത് ഞങ്ങളെ മികച്ച ഒരു നിലയില്‍ എത്തിച്ചു. ഞങ്ങള്‍ ഇത് നാളെയും മുന്നോട്ട് കൊണ്ടുപോകും,’ റൂട്ട് പറഞ്ഞു.
മത്സരത്തില്‍ ഹാരി ബ്രൂക്ക് 33 റണ്‍സിനും ജാമി സ്മിത്ത് 21 റണ്‍സിനും പുറത്തായപ്പോള്‍ ക്രിസ് വോക്‌സിന് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നിലവില്‍ ഗസ്സിന്റെ കൂടെ 20 റണ്‍സ് നേടി മാത്യു പോട്‌സും ക്രീസിലുണ്ട്.
Content Highlight: Joe Root Talking About Gus Atkinson