| Sunday, 1st December 2024, 2:03 pm

ബൈ ബൈ സച്ചിന്‍; ടെസ്റ്റ് റെക്കോഡില്‍ സച്ചിനെ പടിയിറക്കിവിട്ട് റൂട്ട്; ലക്ഷ്യം ആ ചരിത്ര നേട്ടം?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ തകര്‍പ്പന്‍ നേട്ടവുമായി ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ട്. ഹാഗ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 37 പന്തില്‍ പുറത്താകാതെ 50 റണ്‍സും നേടി. രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കും മുമ്പ് തന്നെയാണ് റൂട്ട് മേല്‍പ്പറഞ്ഞ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് റൂട്ട് കാലെടുത്ത് വെച്ചത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടായിരുന്നു റൂട്ട് ഈ റെക്കോഡ് സ്വന്തമാക്കിയത്.

ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 1630*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 1625

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 1611

ഗ്രെയം സ്മിത്ത് – സൗത്ത് ആഫ്രിക്ക – 1611

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 1580

ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ചരിത്ര നേട്ടത്തിലേക്ക് ഓടിയടുക്കുന്ന റൂട്ടിന്റെ കിരീടത്തിലെ പുതിയ പൊന്‍തൂവലായും ഈ നേട്ടം മാറി.

ടെസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക നേട്ടം കുറിച്ച മത്സരത്തില്‍ ഒരു മോശം റെക്കോഡും താരം തന്റെ പേരിലെഴുതിച്ചേര്‍ത്തിരുന്നു. കരിയറിലെ 150ാം ടെസ്റ്റ് മത്സരത്തില്‍ പൂജ്യത്തിന് പുറത്താകുന്ന മൂന്നാമത് താരമെന്ന അനാവശ്യ റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്.

റൂട്ടിന് മുമ്പ് ഈ നിര്‍ഭാഗ്യം രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെ കൂടി വേട്ടയാടിയിരുന്നു. ഇതിഹാസ താരങ്ങളായ സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങുമാണ് ആ നിര്‍ഭാഗ്യവാന്‍മാര്‍.

2002ല്‍ ഷാര്‍ജയില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലായിരുന്നു വോ തന്റെ 150ാം മത്സരത്തില്‍ ഡക്കായി മടങ്ങിയത്. 2010 ആഷസിലാണ് പോണ്ടിങ്ങിന്റെ പേരിലും ഈ മോശം റെക്കോഡ് സ്ഥാപിക്കപ്പെട്ടത്.

അതേസമയം, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചതോടെ 1-0ന് ഇംഗ്ലണ്ട് ലീഡ് നേടിയിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് നേരിയ സാധ്യത തുറന്നിടാനും കിവികളെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്താനും ഈ വിജയത്തോടെ ഇംഗ്ലണ്ടിനായി.

ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. വെല്ലിങ്ടണിലെ ബേസിന്‍ റിസേര്‍വാണ് വേദി.

Content Highlight: Joe Root Surpassed Sachin Tendulkar in the list of most runs on 4th innings of tests

We use cookies to give you the best possible experience. Learn more