ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ നേട്ടവുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ഇന്ത്യക്കെതിരെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് റൂട്ട് പുതുചരിത്രം കുറിച്ചിരിക്കുന്നത്.
മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഹൈദരാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്തിയ റൂട്ടിന് രണ്ടാം ഇന്നിങ്‌സില്‍ വെറും ഒരു റണ്‍സ് മാത്രം നേടിയാല്‍ ഈ റെക്കോഡ് തന്റെ പേരില്‍ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് മോഡേണ്‍ ഡേ ലെജന്‍ഡിന് നേടാന്‍ സാധിച്ചത്. ആറ് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് റൂട്ട് പുറത്താകുന്നത്. രണ്ടാം ഇന്നിങ്‌സില്‍ നിരാശനാക്കിയെങ്കിലും ഇന്ത്യക്കെതിരെ ഏറ്റവുമധികം റെഡ് ബോള്‍ റണ്‍സ് എന്ന നേട്ടം റൂട്ട് തന്റെ പേരില്‍ കുറിച്ചു.
ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
ജോ റൂട്ട് – ഇംഗ്ലണ്ട് – 2,557
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 2,555
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 2,431
ഇതിന് പുറമെ ആദ്യ ഇന്നിങ്‌സില്‍ തന്നെ റൂട്ട് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം
ജോ റൂട്ട് (ഇംഗ്ലണ്ട്) – 2,557
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 2,535
സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ) – 2,483
അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ കിണഞ്ഞുശ്രമിക്കുകയാണ്. സൂപ്പര്‍ താരം ഒല്ലി പോപ്പിന്റെ ഇരട്ട സെഞ്ച്വറിയോളം പോന്ന സെഞ്ച്വറിയുടെ കരുത്തില്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുമ്പില്‍ വെച്ചത്. 278 പന്ത് നേരിട്ട് 196 റണ്‍സാണ് താരം നേടിയത്.