| Monday, 16th October 2023, 6:54 pm

ഇംഗ്ലണ്ട് തോറ്റാലും ഈ റെക്കോഡിന് വിലയില്ലാതാവുന്നതെങ്ങനെ? ലോകകപ്പില്‍ അത്യപൂര്‍വ റെക്കോഡുമായി റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഇംഗ്ലണ്ട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 69 റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

ഈ തോല്‍വിക്ക് പിന്നാലെ പല മോശം റെക്കോഡുകളും ഇംഗ്ലണ്ടിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ എല്ലാ ടെസ്റ്റ് പ്ലെയിങ് നേഷന്‍സിനോടും തോല്‍ക്കുന്ന ആദ്യ ടീം, ഐ.സി.സി ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ തോല്‍പിക്കുന്ന ആദ്യ ടെസ്റ്റ് പ്ലെയിങ് നേഷന്‍ തുടങ്ങി പല മോശം റെക്കോഡും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയിരുന്നു.

ഈ തോല്‍വിയിലും ഇംഗ്ലണ്ട് ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജോ റൂട്ട് സമ്മാനിച്ചിരുന്നു. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്.

ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ നാല് ക്യാച്ചുകളാണ് റൂട്ട് സ്വന്തമാക്കിയത്. ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവരുടെ ക്യാച്ചാണ് റൂട്ട് സ്വന്തമാക്കിയത്. ഇതിന് പുറമെ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയെ ക്ലീന്‍ ബൗള്‍ഡാക്കിയും റൂട്ട് പുറത്താക്കിയിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡറായ മുഹമ്മദ് കൈഫ്, ബംഗ്ലാ സൂപ്പര്‍ താരം സൗമ്യ സര്‍ക്കാര്‍, ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്, ഉമര്‍ അക്മല്‍ എന്നിവര്‍ക്കൊപ്പമാണ് ഈ റെക്കോഡ് നേട്ടത്തില്‍ റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

ഏകദിനത്തിലെ 164 മത്സരത്തില്‍ നിന്നും 84 ക്യാച്ചുകളാണ് റൂട്ട് നേടിയത്. ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങളുടെ പട്ടികയില്‍ 47ാം സ്ഥാനത്തും ആക്ടീവ് ക്രിക്കറ്റേഴ്‌സിന് ഇടയില്‍ മൂന്നാം സ്ഥാനത്തുമാണ് റൂട്ട്.

കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിന് പുറമെ ബൗളിങ്ങിലും റൂട്ട് തിളങ്ങിയിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് റൂട്ട് നേടിയത്. 4.75 എന്ന എക്കോണമിയിലാണ് റൂട്ട് പന്തെറിഞ്ഞത്.

ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ റൂട്ട് പരാജയപ്പെട്ടിരുന്നു. 17 പന്തില്‍ 11 റണ്‍സാണ് റൂട്ട് നേടിയത്.

അഫ്ഗാനെതിരായ മത്സരത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ട് മത്സരത്തിലും റൂട്ട് തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 86 പന്തില്‍ നിന്നും 77 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 68 പന്തില്‍ നിന്നും 82 റണ്‍സാണ് റൂട്ട് നേടിയത്.

വരും മത്സരത്തില്‍ റൂട്ട് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുമെന്നും ഇംഗ്ലണ്ട് വിജയിച്ചുകയറുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Joe Root scripts World Cup record against Afghanistan

We use cookies to give you the best possible experience. Learn more