| Tuesday, 17th December 2024, 2:45 pm

ഇന്ത്യന്‍ ഗോട്ടിനെ വീഴ്ത്തിയവന്‍ ഇപ്പോള്‍ പാകിസ്ഥാന്‍ ഗോട്ടിനെയും പടിയിറക്കി; ഇവനാകുമോ ഒ.ജി ഗോട്ട്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ പടുകൂറ്റന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും പ്രഥമ ക്രോ – തോര്‍പ് ട്രോഫി ജേതാക്കളാകാന്‍ ത്രീ ലയണ്‍സിന് സാധിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ 423 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.

ഇതോടെ ഇംഗ്ലണ്ട് 2-1ന് പരമ്പര വിജയിച്ചപ്പോള്‍ കിവീസ് ഇതിഹാസം ടിം സൗത്തിയുടെ ഫെയര്‍വെല്‍ മാച്ചില്‍ വിജയം സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിനും സാധിച്ചു.

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം മത്സരത്തില്‍ 658 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആതിഥേയര്‍ ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ബ്ലാക് ക്യാപ്‌സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

അര്‍ധ സെഞ്ച്വറികള്‍ നേടിയ ജേകബ് ബേഥലിന്റെയും ജോ റൂട്ടിന്റെയും കരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കിവീസ് ഉയര്‍ത്തിയ റണ്‍ മല ഇംഗ്ലണ്ടിന് കയറാന്‍ സാധിക്കുന്നതിലും വലുതായിരുന്നു.

64 പന്തില്‍ 54 റണ്‍സാണ് ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ട് നേടിയത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും റൂട്ടിനെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ലെജന്‍ഡ് ജാവേദ് മിയാന്‍ദാദിനെ മറികടന്നുകൊണ്ടാണ് റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ദ്രാവിഡും സച്ചിനും അടക്കമുള്ള ഇതിഹാസങ്ങള്‍ ഇപ്പോള്‍ ഈ നേട്ടത്തില്‍ റൂട്ടിന് പിന്നിലാണ്.

ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരം

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 40 – 1925* – 53.47

ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – 29 – 1919- 79.95

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 28 – 1659 – 63.80

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 39 – 1595 – 46.91

ജാക്ക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 28 – 1543 – 61.72

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. സൈക്കിളിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്കും ഈ പരാജയത്തിന് പിന്നാലെ തിരിച്ചടിയേറ്റു. അതേസമയം, വിജയത്തോടെ ഈ സൈക്കിള്‍ അവസാനിപ്പിക്കാന്‍ സാധിച്ചതിന്റെ ആശ്വാസമാണ് കിവീസിനുള്ളത്.

ഇരു ടീമിന്റെയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

ഈ സീസണില്‍ വിവിധ പരമ്പരകളിലായി 22 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിച്ചത്. ഇതില്‍ 11 മത്സരം വിജയിച്ചപ്പോള്‍ പത്തിലും തോറ്റു. ഒരു മത്സരം സമനിലയിലും കലാശിച്ചു.

അതേസമയം, ന്യൂസിലാന്‍ഡാകട്ടെ കളിച്ച 14 മത്സരത്തില്‍ ഏഴെണ്ണം വിജയിച്ചപ്പോള്‍ ഏഴ് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

Content Highlight: Joe Root scored more Test runs against New Zealand than any other player

We use cookies to give you the best possible experience. Learn more