സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് മോഡേണ്‍ ഡേ ലെജന്‍ഡും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം കരിയറിലെ 36ാം ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചിരുന്നു.
എന്നാല്‍ നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ മറ്റൊരു താരമാണെന്ന അഭിപ്രായമാണ് റൂട്ടിനുള്ളത്. തന്റെ സഹതാരമായ ഹാരി ബ്രൂക്കിനെയാണ് നിലവിലെ ഏറ്റവും മികച്ച താരമായി റൂട്ട് തെരഞ്ഞെടുക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ബ്രൂക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് റൂട്ടിന്റെ പരാമര്‍ശം.
‘ബ്രൂക്കിയാണ് നിലവില്‍ ഈ ലോകത്തിലെ ഏറ്റവും മികച്ച താരം. അവന്റെ പ്രകടനം കാണുന്നത് തന്നെ രസമാണ്. അവന്‍ മറ്റ് ബാറ്റര്‍മാരുടെ സമ്മര്‍ദം ഇല്ലാതാക്കുന്നു. എറൗണ്ട് ദി വിക്കറ്റ് ഷോട്ടുകള്‍ പായിക്കാനും അവന് സാധിക്കും. അവന് സിക്‌സറടിക്കാനും തലയ്ക്ക് മേലെ പന്ത് സ്‌കൂപ്പ് ചെയ്യാനും സാധിക്കും,’ റൂട്ട് പറഞ്ഞു.
ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ജോഡി. 77.34 ശരാശരിയില്‍ 1,779 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ റൂട്ട് ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ ബ്രൂക്ക് തൊട്ടുതാഴെയുണ്ട്.
കരിയറില്‍ ഇതുവരെ 23 മത്സരം കളിച്ച താരം 61.62 ശരാശരിയില്‍ 2,280 റണ്‍സ് നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയുമാണ് ബ്രൂക്കിന്റെ സമ്പാദ്യം. ഈ വര്‍ഷം ഒക്ടോബറില്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ നേടിയ 317 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ന്യൂസിലാന്‍ഡിനെതിരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ച ആദ്യ മത്സരത്തില്‍ 171 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ ബ്രൂക്ക് കളത്തിലിറങ്ങും മുമ്പ് തന്നെ മറികടന്നു.
രണ്ടാം മത്സരത്തിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബ്രൂക്ക് കയ്യടി നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 123 റണ്‍സ് സ്വന്തമാക്കിയ ബ്രൂക്ക് രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സും സ്വന്തമാക്കി. ഇംഗ്ലണ്ട് 323 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബ്രൂക്ക് തന്നെയായിരുന്നു.
Content Highlight: Joe Root says Harry Brook is the best player in the world in this moment