ഇത് നമുക്ക് പറ്റിയ പണിയല്ല വേരണ്ണാ... ലോകകപ്പിന് തൊട്ടുമുമ്പ് ചാമ്പ്യന്‍മാര്‍ക്ക് ഞെട്ടല്‍
Sports News
ഇത് നമുക്ക് പറ്റിയ പണിയല്ല വേരണ്ണാ... ലോകകപ്പിന് തൊട്ടുമുമ്പ് ചാമ്പ്യന്‍മാര്‍ക്ക് ഞെട്ടല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 9:27 am

ഐ.സി.സി ഏകദിന ലോകകപ്പ് അടുത്തെത്തിക്കഴിഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ മാമാങ്കത്തിന് കേവലം മൂന്നാഴ്ചയുടെ മാത്രം കാത്തിരിപ്പാണുള്ളത്. ബിഗ് ഇവന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വേള്‍ഡ് കപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ തവണ കൈവിട്ട കിരീടം ഏതുവിധേനയും തിരികെപ്പിടിക്കാന്‍ ഒരുങ്ങുന്ന ന്യൂസിലാന്‍ഡും കാലങ്ങള്‍ നീണ്ട ചീത്തപ്പേരിന് ശേഷം സ്വന്തമാക്കിയ കിരീടം ജീവന്‍ കൊടുത്തും നിലനിര്‍ത്താനുള്ള ഒരുങ്ങുന്ന ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം തന്നെയാണ് ലോകകപ്പിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്ന്. ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരയാണ് ഇരുവരും ഇപ്പോള്‍ കളിക്കുന്നത്.

മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഇംഗ്ലണ്ട് ലോകകപ്പിന് അയക്കുന്നത്. ഓയിന്‍ മോര്‍ഗന് പകരക്കാരനായി ക്യാപ്റ്റന്‍സിയേറ്റെടുത്ത ജോസ് ബട്‌ലറിന്റെ മികവും ബെന്‍ സ്‌റ്റേക്‌സിന്റെ തിരിച്ചുവരുമെല്ലാം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നുണ്ട്.

 

എന്നാല്‍ ത്രീ ലയണ്‍സിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിക്കുന്നത് സ്റ്റാര്‍ ബാറ്ററായ ജോ റൂട്ടാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന റൂട്ടിന് എന്നാല്‍ സമീപകാലങ്ങളില്‍ ഏകദിനത്തില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ റൂട്ടിന്റെ പ്രകടനം ശരാശരിക്കും ഏറെ താഴെയായിരുന്നു. കളിച്ച എല്ലാ മത്സരത്തിലും ഒറ്റയക്കത്തിനായിരുന്നു റൂട്ട് പുറത്തായത്.

സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 15 പന്ത് നേരിട്ട റൂട്ട് ആറ് റണ്‍സ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് വിജയിച്ച റോസ് ബോളിലെ രണ്ടാം ഏകദിനത്തില്‍ സില്‍വര്‍ ഡക്കായാണ് റൂട്ട് പുറത്തായത്.

 

ഏറെ നാളുകള്‍ക്ക് ശേഷം ന്യൂസിലാന്‍ഡ് ജേഴ്‌സിയില്‍ മടങ്ങിയെത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു റൂട്ട് മടങ്ങിയത്. കഴിഞ്ഞ ദിവസം ഓവലില്‍ നടന്ന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമാണ് റൂട്ട് നേടിയത്. ബോള്‍ട്ടിന് തന്നെയാണ് റൂട്ട് ഇത്തവണയും വിക്കറ്റ് സമ്മാനിച്ചത്.

പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 13 റണ്‍സ് മാത്രമാണ് റൂട്ടിന്റെ സമ്പാദ്യം. പരമ്പരയില്‍ 3.33 ശരാശരിയും 41.66 സ്‌ട്രൈക്ക് റേറ്റുമുള്ള റൂട്ട് ആകെ ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.

റൂട്ടിന്റെ ഈ മോശം പ്രകടനം ആരാധകരില്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഒരു മത്സരവും അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ബാക്കിയുണ്ടെന്നതാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

 

അയര്‍ലന്‍ഡിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോകകപ്പനുള്ള അതേ സ്‌ക്വാഡ് തന്നെയായിരിക്കും ഈ പരമ്പരയിലും കളിക്കുക. ഇതിന് ശേഷം വേള്‍ഡ് കപ്പ് സന്നാഹ മത്സരങ്ങളും നടക്കും. ഈ മത്സരങ്ങളെല്ലാം കളിച്ച് റൂട്ട് ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Joe Root’s poor performance against New Zealand