| Monday, 23rd January 2023, 8:34 am

സഞ്ജുവിന്റെ ദീര്‍ഘവീക്ഷണം അങ്ങനെയൊന്നും തെറ്റിപ്പോവൂല മോനേ... അവനെ ടീമിലെത്തിച്ചതിന് വിമര്‍ശിച്ചവര്‍ തന്നെ ഇനി കയ്യടിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ടിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ഒരുപോലെ ഞെട്ടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ജോ റൂട്ട് ഐ.പി.എല്ലിന്റെ ഭാഗമാവുന്നത്.

ജോ റൂട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയതോടെ ഒരു അപൂര്‍വ നേട്ടവും ഐ.പി.എല്ലിനെ തേടിയെത്തിയിരുന്നു. ഫാബ് ഫോറിലെ എല്ലാ താരങ്ങളും ഉള്‍പ്പെടുന്ന ഏക ഫ്രാഞ്ചൈസി ലീഗ് എന്ന റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് വഴി ഐ.പി.എല്‍ സ്വന്തമാക്കിയത്.

ഒരു കോടി രൂപക്കായിരുന്നു റൂട്ട് രാജസ്ഥാനിലെത്തിയത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത റൂട്ടിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത് എന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. റൂട്ടിനായി ഒരു കോടി മുടക്കിയതിന് പകരം ടീമിന് ഗുണമുണ്ടാകുന്ന മറ്റേതെങ്കിലും താരത്തെ തെരഞ്ഞെടുക്കണമായിരുന്നു എന്നും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ റൂട്ടില്‍ രാജസ്ഥാന്‍ റോയല്‍സ് അര്‍പ്പിച്ച വിശ്വാസം ശരിയാകുന്ന കാഴ്ചയാണ് ഐ.എല്‍.ടി-20യില്‍ കാണുന്നത്. ടെസ്റ്റില്‍ മാത്രമല്ല ടി-20യിലും താന്‍ പുലിയാണെന്ന് തെളിയിക്കുന്ന ഇന്നിങ്‌സായിരുന്നു റൂട്ട് പുറത്തെടുത്തത്.

ഐ.എല്‍.ടി-20യിലെ ദുബായ് ക്യാപ്പിറ്റല്‍സ് – എം.ഐ എമിറേറ്റ്‌സ് മത്സരത്തിലായിരുന്നു റൂട്ട് തന്റെ സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തത്.

54 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 82 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 151.85 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

റൂട്ടിന് പുറമെ ക്യാപ്പിറ്റല്‍സ് നായകന്‍ റോവ്മന്‍ പവല്‍ കൂടി തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് ദുബായ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

223 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എം.ഐ എമിറേറ്റ്‌സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. മോയിന്‍ അലിയുടെ ഷാര്‍ജ54 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 80 ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.

ഇപ്പോള്‍ ക്യാപ്പിറ്റല്‍സിനായി നടത്തിയ പ്രകടനം റൂട്ടിന് ഐ.പി.എല്ലിലും പുറത്തെടുക്കാന്‍ സാധിക്കും എന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ പതിനൊന്നില്‍ സ്ഥാനം ഉറപ്പാക്കാനായില്ലെങ്കിലും ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ ഫോം ഔട്ട് ആവുകയോ ചെയ്യുകയാണെങ്കില്‍ വിശ്വസിച്ച് റീപ്ലേസ് ചെയ്യാന്‍ റൂട്ടിനോളം മികച്ച ഒരു താരം ഉണ്ടാകില്ല.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ജോ റൂട്ട്, യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ.

Content highlight: Joe Root’s brilliant batting performance in ILT20

We use cookies to give you the best possible experience. Learn more