ഒന്നാമനും രണ്ടാമനും മൂന്നാമനും ഇവന്‍ തന്നെ; വിരാടും രോഹിത്തുമൊന്നും ചിത്രത്തില്‍ പോലുമില്ല, 198 റണ്‍സ് നേടിയാല്‍...
Sports News
ഒന്നാമനും രണ്ടാമനും മൂന്നാമനും ഇവന്‍ തന്നെ; വിരാടും രോഹിത്തുമൊന്നും ചിത്രത്തില്‍ പോലുമില്ല, 198 റണ്‍സ് നേടിയാല്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 3:50 pm

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ലോര്‍ഡ്സില്‍ തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.

ഓപ്പണര്‍ ഡാന്‍ ലോറന്‍സിനെയും മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഒലി പോപ്പിനെയും ഒറ്റയക്കത്തിന് നഷ്ടമായ ഇംഗ്ലണ്ടിനെ സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് താങ്ങി നിര്‍ത്തിയത്.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ് എന്ന വിളിപ്പേരിന് എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചുകൊണ്ടാണ് ‘ദി ഗോള്‍ഡന്‍ ചൈല്‍ഡ്’ ഇംഗ്ലണ്ട് ഇന്നിങ്സിനെ മുമ്പോട്ട് ചലിപ്പിച്ചത്.

ഇതോടെ ഫാബ് ഫോറില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമായി മാറാനും റൂട്ടിന് സാധിച്ചു.

ഫാബ് ഫോറിലെ സെഞ്ച്വറികള്‍

ജോ റൂട്ട് – 33*

സ്റ്റീവ് സ്മിത് – 32

കെയ്ന്‍ വില്യംസണ്‍ – 32

വിരാട് കോഹ്‌ലി – 29

കഴിഞ്ഞ് കുറച്ചുനാളുകളായി ടെസ്റ്റ് ഫോര്‍മാറ്റില്‍ റൂട്ടിന്റെ സര്‍വാധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. കൃത്യമായി തന്റെ സ്‌കില്ലുകളെ മൂര്‍ച്ച കൂട്ടിയെടുക്കുന്ന റൂട്ട് ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന സച്ചിന്റെ റെക്കോഡിനും ഭീഷണിയാണ്.

2021 ജനുവരി മുതലുള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 16 ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് നേടിയത്. അതേസമയം, വിരാട് ഇക്കാലയളവില്‍ നേടിയതാകട്ടെ രണ്ടേ രണ്ട് റെഡ് ബോള്‍ സെഞ്ച്വറിയും.

മറ്റൊരു രീതിയില്‍ ഈ റെക്കോഡ് പരിശോധിക്കുമ്പോള്‍ പട്ടികയിലെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും റൂട്ടിന്റെ പേരില്‍ തന്നെയാണ്.

2021 മുതല്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് ഇടം നേടിയിരിക്കുന്നത്. ഒമ്പത് റെഡ് ബോള്‍ സെഞ്ച്വറിയാണ് ഇക്കാലയളവില്‍ വില്യംസണ്‍ സ്വന്തമാക്കിയത്.

എന്നാല്‍ വില്യംസണ്‍ ആകെ നേടിയ സെഞ്ച്വറികളുടെ എണ്ണത്തിന് സമമാണ് സ്വന്തം മണ്ണില്‍ റൂട്ട് നേടിയ ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണം. എതിരാളികളുടെ മണ്ണില്‍ റൂട്ട് നേടിയത് ഏഴ് ടെസ്റ്റ് സെഞ്ച്വറിയാണ്, മൂന്നാം സ്ഥാനത്തുള്ളവര്‍ ആകെ നേടിയ സെഞ്ച്വറിക്ക് സമമാണിത്.

2021 മുതല്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍

ജോ റൂട്ട് – 16

ജോ റൂട്ട് – 9 (ഹോം ഗ്രൗണ്ടില്‍)

കെയ്ന്‍ വില്യംസണ്‍ – 9

ജോ റൂട്ട് – 7 (എവേ ഗ്രൗണ്ടില്‍)

ഉസ്മാന്‍ ഖവാജ – 7

മാര്‍നസ് ലബുഷാന്‍ – 7

ദിമുത് കരുണരത്‌നെ – 7

ഇതിന് പുറമെ വരും മത്സരങ്ങളില്‍ നിന്നുമായി 198 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍ എന്ന നേട്ടവും റൂട്ടിന് സ്വന്തമാകും.

അതേസമയം, രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 358 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.

87 പന്തില്‍ 71 റണ്‍സുമായി ഗസ് ആറ്റ്കിന്‍സണും 33 പന്തില്‍ 20 റണ്‍സുമായി മാത്യു പോട്‌സുമാണ് ക്രീസില്‍.

ആദ്യ ദിനം ലങ്കക്കായി ലാഹിരു കുമാര, മിലന്‍ രത്‌ന നായകെ, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യ ഒരു വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഒലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, മാത്യു പോട്സ്, ഒലി സ്റ്റോണ്‍, ഷോയ്ബ് ബഷീര്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ദിമുത് കരുണരത്നെ, നിഷാന്‍ മധുശങ്ക (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, മിലന്‍ രത്നനായകെ, പ്രഭാത് ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, ലാഹിരു കുമാര.

 

 

Content highlight: Joe Root’s brilliant batting performance against Sri Lanka