| Wednesday, 8th November 2023, 6:47 pm

ട്രേഡ്മാര്‍ക് ഷോട്ടിന് പോലും നാണക്കേടുണ്ടാക്കിയ പുറത്താകല്‍; മരിച്ചാലും റൂട്ട് ഈ ദിവസം മറക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ഏകദിന കരിയറിലെ ഏറ്റവും മോശം ഡിസ്മിസ്സലിലൂടെയാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ട് ലോകകപ്പില്‍ നെതര്‍ഡലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ പുറത്തായത്.

തന്റെ ട്രേഡ് മാര്‍ക് ഷോട്ടായ റിവേഴ്‌സ് റാംപ് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിവിചിത്രമായ രീതിയില്‍ റൂട്ട് പുറത്താകുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 21ാം ഓവറിലെ രണ്ടാം പന്തിലാണ് റൂട്ട് പുറത്താകുന്നത്.

നെതര്‍ലന്‍ഡ്‌സ് പേസര്‍ ലോഗന്‍ വാന്‍ ബീക്കിനെതിരെ റിവേഴ്‌സ് റാംപ് കളിക്കാന്‍ റൂട്ട് തയ്യാറെടുക്കുന്നു. അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെ സ്‌റ്റേഡിയത്തെ ഹരം കൊള്ളിച്ചിരുന്ന റൂട്ടിന്റെ ബാറ്റില്‍ നിന്നും ഒരു തകര്‍പ്പന്‍ സിക്‌സര്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ട് വാന്‍ ബീക് ഡച്ച് പടയ്ക്ക് ബ്രേക് ത്രൂ നല്‍കി.

നട്ട്‌മെഗ്ഡായാണ് റൂട്ട് പുറത്തായത്. തന്റെ ഇരുകാലുകള്‍ക്കുമിടയിലൂടെ വാന്‍ ബീക്കിന്റെ പന്ത് വിക്കറ്റ് വീഴ്ത്തിയത് കണ്ട് നിരാശയോടെ തലകുനിച്ച് നില്‍ക്കാന്‍ മാത്രമാണ് റൂട്ടിന് സാധിച്ചത്. 35 പന്തില്‍ 28 റണ്‍സടിച്ചാണ് റൂട്ട് പുറത്തായത്.

View this post on Instagram

A post shared by ICC (@icc)

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ച്വറി കരുത്തിലും ഡേവിഡ് മലന്‍, ക്രിസ് വോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലും നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടി.

സ്റ്റോക്‌സ് 84 പന്തില്‍ 108 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ നെടുംതൂണായത്. ആറ് വീതം സിക്‌സറും ബൗണ്ടറിയുമായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഡേവിഡ് മലന്‍ 74 പന്തില്‍ 84 റണ്‍സ് നേടി നില്‍ക്കവെ ഇല്ലാത്ത റണ്ണിനായി ഓടി റണ്‍ ഔട്ടായപ്പോള്‍ 45 പന്തില്‍ 51 റണ്‍സ് നേടിയാണ് ക്രിസ് വോക്‌സ് പുറത്തായത്. ബാസ് ഡി ലീഡിന്റെ പന്തില്‍ സ്‌കോട് എഡ്വാര്‍ഡ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു വോക്‌സിന്റെ മടക്കം.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. പോള്‍ വാന്‍ മീകരെനാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സ് എന്ന നിലയിലാണ്. 11 പന്തില്‍ ഒരു റണ്‍സുമായി വെസ്‌ലി ബെറാസിയും ഒരു പന്തില്‍ റണ്‍സൊന്നും നേടാതെ മാക്‌സ് ഒ ഡൗഡുമാണ് ക്രീസില്‍.

Content Highlight: Joe Root’s bizarre dismissal against Netherlands

We use cookies to give you the best possible experience. Learn more