ടെസ്റ്റ് ക്രിക്കറ്റിന്റെ വാര്‍പ്പുമാതൃകകളെ തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ട് കുതിക്കുന്നത്. ബ്രണ്ടന്‍ മക്കെല്ലം എന്ന പരിശീലകന് കീഴില്‍ ക്രിക്കറ്റിനെ തന്നെ മാറ്റി നിര്‍വചിക്കുകകയാണ് ഇംഗ്ലണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ മുട്ടിക്കളിക്കേണ്ട കളിയാണെന്നും ബ്യൂട്ടി ഓഫ് ടെസ്റ്റ് എന്നത് റണ്ണെടുക്കാതെ ക്രീസില്‍ തുടരുന്നതുമാണെന്ന രീതികളെ എടുത്ത് കാട്ടില്‍ കളഞ്ഞ് ആദ്യ പന്ത് മുതല്‍ തന്നെ അറ്റാക്ക് ചെയ്ത് കളിക്കാനാണ് മക്കെല്ലം താരങ്ങളെ പഠിപ്പിച്ചത്. ബാസ്‌ബോള്‍ ശൈലി ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കാനും അധികം കാത്തിരിക്കേണ്ടി വന്നില്ല.
ഇംഗ്ലണ്ട് താരങ്ങള്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ഒരുപടി മേലെ നിന്നാണ് മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ഗ്രേറ്റസ്റ്റായ ജോ റൂട്ട് കളിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്ന ഫാബ് ഫോറിലെ ഈ കരുത്തന്‍ ബാസ്‌ബോളിലൂടെ സ്വയം മുന്നേറുകയാണ്.
റൂട്ടിന്റെ ഈ അറ്റാക്കിങ് ശൈലി ഒരിക്കല്‍ക്കൂടി എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വ്യക്തമായിരുന്നു. മൂന്നാം ദിനം 35 റണ്‍സിന്റെ ലീഡ് മാത്രമുണ്ടായിരിക്കെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീണതോടെയാണ് റൂട്ട് ക്രീസിലെത്തിയത്.
മഴകാരണം എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 11ാം ഓവറിലെ അഞ്ചാം പന്ത് മുതലാണ് നാലാം ദിവസം മത്സരം ആരംഭിച്ചത്.
നാലാം ദിവസം നേരിട്ട ആദ്യ പന്തില്‍ തന്നെ റൂട്ട് നയം വ്യക്തമാക്കിയിരുന്നു. പാറ്റ് കമ്മിന്‍സെറിഞ്ഞ ആദ്യ പന്തില്‍ തന്നെ റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാനാണ് റൂട്ട് ശ്രമിച്ചത്. എന്നാല്‍ ആദ്യ പന്തില്‍ റൂട്ടിന് പിഴച്ചു. കണക്ട് ചെയ്യാന്‍ സാധിക്കാതെ പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലേക്ക്.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് റൂട്ട് ഞെട്ടിച്ചു. സ്‌കോട് ബോളണ്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ സിക്‌സര്‍ നേടിയ റൂട്ട് തൊട്ടടുത്ത പന്തില്‍ റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറിയും നേടി.
ഇത്തരത്തില്‍ തുടരെ തുടരെ റിവേഴ്‌സ് സ്‌കൂപ്പ് പോലുള്ള അറ്റാക്കിങ് ഷോട്ടുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വമായാണ് കളിക്കാറുള്ളത്. എന്നാല്‍ ടെസ്റ്റിന്റെ പാരമ്പര്യ രീതികള്‍ തച്ചുടയ്ക്കുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇതൊന്നും ഒന്നുമല്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിക്ക് തൊട്ടടുത്ത് വീഴുകയായിരുന്നു. 55 പന്തില്‍ നിന്നും 46 റണ്‍സാണ് താരം നേടിയത്.
Content highlight: Joe Root plays back to back reverse scoop shots at Edgebaston test