| Sunday, 7th May 2023, 7:26 pm

ഒടുവില്‍ അത് സംഭവിക്കുന്നു; ഐ.പി.എല്ലിന്റെ ചരിത്രപുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതിവെക്കപ്പെടാന്‍ പോകുന്ന മത്സരം; സഞ്ജൂ, നന്ദി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷിയാകുന്നത്. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് ഹോം ടീമിനെതിരെ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്.

ഐ.പി.എല്ലിന്റെ ചരിത്ര പുസ്തകത്തിലേക്കാണ് ഈ മത്സരം നടന്നുകയറുന്നത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോ റൂട്ട് തന്റെ അരങ്ങേറ്റം കുറിക്കുന്നതോടെയാണ് ഈ മത്സരം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ഫാബ് ഫോറിലെ നാല് താരങ്ങളും കളിച്ച ലോകത്തിലെ ഏക ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് എന്ന റെക്കോഡാണ് ഇതോടെ ഐ.പി.എല്ലിന് ലഭിക്കാന്‍ പോകുന്നത്.

ഫാബ് ഫോറിലെ വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും ഇതിന് മുമ്പ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും റൂട്ട് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിനി ലേലത്തിലാണ് ഓക്ഷന്‍ സര്‍പ്രൈസായി റൂട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായത്. അന്നുമുതല്‍ റൂട്ടിന്റെ അരങ്ങേറ്റത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ നാലിലും പരാജയപ്പെട്ട രാജസ്ഥാന്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, മുരുഗന്‍ അശ്വിന്‍, സന്ദീപ് ശര്‍മ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്റ്റാര്‍ട്ടിങ് ഇലവന്‍.

അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, അബ്ദുള്‍ സമദ്, മാര്‍കോ യാന്‍സെന്‍, വിവ്രാന്ത് ശര്‍മ, മായങ്ക് മാര്‍ക്കണ്ഡേ, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍.

Content highlight: Joe Root makes his debut in IPL

We use cookies to give you the best possible experience. Learn more