എസ്.എ 20യുടെ പുതിയ സീസണില്‍ പാള്‍ റോയല്‍സിനൊപ്പം തിളങ്ങാന്‍ സൂപ്പര്‍ താരം ജോ റൂട്ട്. അടുത്ത ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലാണ് റൂട്ട് പാള്‍ റോയല്‍സിനായി അരങ്ങേറ്റം കുറിക്കുക.
ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ഫാബ് ഫോറിലെ കരുത്തില്‍ കളത്തിലിറങ്ങിയിരുന്നു. പക്ഷേ മൂന്ന് മത്സരത്തില്‍ നിന്നും പത്ത് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
റൂട്ട് കളത്തിലിറങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സ് വഴി ഐ.പി.എല്ലും ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഫാബ് ഫോറിലെ എല്ലാ താരങ്ങളും കളിച്ച ഏക ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് എന്ന നേട്ടമാണ് ഐ.പി.എല്‍ സ്വന്തമാക്കിയത്.
2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് താരത്തെ ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍ പാര്‍ട്ടായ പാള്‍ റോയല്‍സിനൊപ്പം കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് റൂട്ട്.
റൂട്ടിനെ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറായ കുമാര്‍ സംഗക്കാര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
From England to South Africa, cricket’s favorite reverse scoop is coming home… 💗 pic.twitter.com/CzO1ucRGtw
‘ജോ റൂട്ട് എത്രത്തോളം മികച്ച കളിക്കാരനാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അദ്ദേഹം വീണ്ടും റോയല്‍സിനൊപ്പം ചേരുന്നത് വളരെ മികച്ച അനുഭവമാണ്.
കളിച്ച ടീമുകള്‍ക്കെല്ലാം വേണ്ടി വളരെ മികച്ച പ്രകടനമാണ് അദ്ദേഹം ഇക്കാലമത്രയും പുറത്തെടുത്തത്. തന്റെ ബൗളിങ് മികവ് കൊണ്ടും ഫീല്‍ഡിങ്ങിലെ മികച്ച പ്രകടനം കൊണ്ടും വളരെ മികച്ച ഓള്‍ റൗണ്ടറായി അദ്ദേഹം സ്വയം തെളിയിച്ചിട്ടുണ്ട്.
2023 ഐ.പി.എല്ലിലും അദ്ദേഹത്തിന്റെ കരിയറിലും കണ്ടതുപോലെ റൂട്ട് ഒരു ടീം മാനാണ്. കളിക്കളത്തിനകത്തും പുറത്തും സഹതാരങ്ങളെ സഹായിക്കാനും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും റൂട്ടിന് സാധിച്ചിരുന്നു.
അദ്ദേഹത്തിന്റെ വൈദഗ്ധ്യവും വ്യക്തിത്വവും ക്രിക്കറ്റ് ബ്രെയ്‌നും എല്ലാത്തിലുമുപരി കളിക്കളത്തിലെ പ്രകടനവും ടീമിനെ പുതിയ സീസണില്‍ വിജയത്തിലേക്ക് നയിക്കും,’ സംഗക്കാര പറഞ്ഞു.
എസ്.എ 20യുടെ ഉദ്ഘാടന സീസണായ 2023ല്‍ നാലാം സ്ഥാനത്താണ് പാള്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. പത്ത് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 19പോയിന്റ്. തൊട്ടടുത്ത സീസണില്‍ റോയല്‍സ് നില മെച്ചപ്പെടുത്തി, മൂന്നാം സ്ഥാനം. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റാണ് ടീമിന് ലഭിച്ചത്.
രണ്ട് സീസണിലും നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും ഒരിക്കല്‍ പോലും കിരീടമണിയാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ പുതിയ സീസണില്‍ കിരീടം നേടാന്‍ സാധിക്കുമെന്നാണ് ടീം ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Joe Root joins Paarl Royals before SA 2025