ഇംഗ്ലണ്ടിനെ വേരോടെ പിഴിതെറിഞ്ഞു; പക്ഷെ ലങ്കയുടെ ആശാന്‍ റൂട്ടിന്റെ മുന്നില്‍ തകര്‍ന്നുവീണു
Sports News
ഇംഗ്ലണ്ടിനെ വേരോടെ പിഴിതെറിഞ്ഞു; പക്ഷെ ലങ്കയുടെ ആശാന്‍ റൂട്ടിന്റെ മുന്നില്‍ തകര്‍ന്നുവീണു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2024, 10:15 pm

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 263 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ആക്രമണമാണ് ലങ്ക അഴിച്ചുവിട്ടത്. 156 റണ്‍സിനാണ് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. ഇതോടെ 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലങ്കയുടെ മുന്നിലുള്ളത്.

ലങ്കക്കുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ലഹരി കുമാരയാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും നേടി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും മിലാന്‍ രത്‌നയാകെ ഒരു വിക്കറ്റും ടീമിന് വേണ്ടി നേടി.

ഓപ്പണിങ് ഇറങ്ങിയ ബെന്‍ ഡക്കറ്റിനെ ഏഴ് റണ്‍സിന് പുറത്താക്കിയാണ് ലങ്ക തുടങ്ങിയത്. അസിത ഫെര്‍ണാണ്ടോയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ശേഷം ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ ലഹിരു കുമാര 7 റണ്‍സിന് പറഞ്ഞയച്ചതോടെ ടീം സമ്മര്‍ദത്തിലായി.

പിന്നീട് 12 റണ്‍സ് നേടിയ ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടപ്പെടുകയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ എല്‍.ബി.ഡബ്ല്യൂ ആയിട്ടാണ് താരം പുറത്തായത്. നേടിയത് 12 റണ്‍സ് ആണെങ്കിലും ശ്രീലങ്കന്‍ ഇതിഹാസമായ കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡ് മറികടക്കാനാണ് റൂട്ടിന് സാധിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആറാമനാകാനാണ് റൂട്ടിന് സാധിച്ചത്. നേരത്തെ ആറാം സ്ഥാനത്തുള്ള കുമാര്‍ സങ്കക്കാരയെ മറികടന്നാണ് റൂട്ട് ആറാം സ്ഥാനത്ത് എത്തിയത്. 12402 റണ്‍സ് ആണ് ടെസ്റ്റില്‍ റൂട്ടിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ 12400 റണ്‍സാണ് താരം മറികടന്നത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഡാന്‍ ലോറന്‍സ് 35 പന്തില്‍ 35 റണ്‍സ് ആണ് നേടിയത്. ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയതില്‍ നിര്‍ണായ പങ്ക് വഹിച്ചത് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ്. 50 പന്തില്‍ 67 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.

എന്നാല്‍ ഹാരി ബ്രൂക്കിനും ടെയില്‍ എന്‍ഡ് സ്‌ട്രൈക്കര്‍ ഗസ് ആറ്റ്കിന്‍സനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലായിരുന്നു. ക്രിസ് വോക്‌സിനെ പൂജ്യം റണ്‍സിനും നഷ്ടമായി. ജോഷ് ഹള്‍ ഏഴ് റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മറ്റാര്‍ക്കും ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

 

Content highlight: Joe Root In Record Achievement Against Sri Lanka In Last Test match