നിര്‍ണായക നാഴികക്കല്ലില്‍ അഞ്ചാമന്‍; ഇതൊക്കെ എങ്ങനെയാണാവോ സാധിക്കുന്നത്
Sports News
നിര്‍ണായക നാഴികക്കല്ലില്‍ അഞ്ചാമന്‍; ഇതൊക്കെ എങ്ങനെയാണാവോ സാധിക്കുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 12:28 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യദിവസം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 302-7 എന്ന നിലയിലാണ്. അതേസമയം, ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ആന്‍ഡേഴ്സണിന്റെ പന്തില്‍ ബെന്‍ ഫോക്സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ 34ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 38 പന്തില്‍ 27 റണ്‍സുമായി യശസ്വി ജെയ്സ്വാളും 14 പന്തില്‍ നാല് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ജോ റൂട്ട് കാഴ്ചവെച്ചത്. 226 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് റൂട്ട് നേടിയത്. ഒമ്പത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 46.90 എന്ന സ്ട്രൈക്ക് റേറ്റിലാണ് ക്ലാസിക് പുറത്തെടുത്തത്. റൂട്ടിന് പുറമെ ഒല്ലി റോബിന്‍സണ്‍ (96 പന്തില്‍ 58), ബെന്‍ ഫോക്‌സ് (126 പന്തില്‍ 47), സാക്ക് ക്രോളി (42 പന്തില്‍ 42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ വേട്ടക്കാര്‍.

സെഞ്ച്വറിക്ക് പിന്നാലെ ഒരു നിര്‍ണായക നാഴികക്കല്ലിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന സന്ദര്‍ശക ടീമിലെ അഞ്ചാം താരമാകാനാണ് റൂട്ടിന് സാധിച്ചത്.

ഒരു സന്ദര്‍ശകനെന്ന നിലയില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം, ടീം, സെഞ്ച്വറി

അലസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 9

ജാക്ക് കാലിസ് – സൗത്ത് ആഫ്രിക്ക – 8

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 7

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 7

ജോ റൂട്ട് – ഇംഗ്ലണ്ട് – 6*

 

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമാകാനും റൂട്ടിന് സാധിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളെ മറികടന്ന് റൂട്ടിന് ഒട്ടനവധി റെക്കോഡുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു.

നേരത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കും. മറുഭാഗത്ത് ജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുക.

 

Content Highlight: Joe Root In Record Achievement