| Monday, 13th June 2022, 6:12 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ഇങ്ങനെ അടിക്കാന്‍ പാടില്ലായെന്ന് നിയമം ഒന്നുമില്ലല്ലോ? വെറൈറ്റി സിക്‌സറുമായി ജോ റൂട്ട്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഈ മത്സരത്തിലും പൊരുതുകവാണ്.

ആദ്യ ഇന്നിങ്‌സില്‍ 553 എന്ന മികച്ച സ്‌കോര്‍ നേടിയ ന്യൂസിലാന്‍ഡിനെതിരെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ഒലി പോപിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ 539 റണ്‍സ് നേടിയാണ്.

211 പന്തില്‍ 176 റണ്ണാണ് റൂട്ട് അടിച്ചുകൂട്ടിയത്. 26 ഫോറും ഒരു സിക്‌സറുമാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു കുറിച്ചത്. 116 പന്തിലാണ് റൂട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

2015ല്‍ ഓസ്‌ട്രേലിയക്കെതിരെ 118 ബോളില്‍ നേടിയ സെഞ്ച്വറിയാണ് ഇതിന് മുമ്പത്തെ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി.

തന്റെ ഇന്നിങ്‌സില്‍ റൂട്ട് അടിച്ച ഓരേയൊരു സിക്‌സറാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആകുന്നത്. ട്വന്റി-20 ക്രിക്കറ്റില്‍ മാക്‌സ്‌വെല്ലും, ബട്‌ലറുമൊക്കെ അടിക്കുന്ന റിവേഴസ് സ്‌കൂപ്പാണ് റൂട്ട് അടിച്ചത്. പേസ് ബൗളര്‍ക്കെതിരെ ഗുഡ് ലെങ്ത് ഡെലിവറി തേര്‍ഡ് മാന് മുകളില്‍ സിക്‌സര്‍ അടിക്കുക എന്നത് ചെറിയ കാര്യമല്ല.

ട്വന്റി-20 ക്രിക്കറ്റില്‍ ഇതിപ്പോള്‍ സാധാരണമാണ് എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് അപൂര്‍വ കാഴ്ച്ചയാണ്. വ്യക്തിഗത സ്‌കോര്‍ 164ല്‍ നില്‍ക്കവെയാണ് റൂട്ട് ഈ ഷോട്ട് കളിക്കുന്നത്. ടിം സൗത്തിയുടെ ബോളിലായിരുന്നു റൂട്ടിന്റെ സിക്‌സര്‍ പിറന്നത്.

അതേ സമയം ടെസ്റ്റ് ക്രിക്കറ്റില്‍ റൂട്ട് തന്റെ കുതിപ്പ് തുടരുകയാണ്. നിലവില്‍ ടെസ്റ്റ് കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ കളിക്കാരില്‍ ഒരാള്‍ ജോ റൂട്ടാണ്. 27 സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയുടെയും സറ്റീവ് മിത്തിന്റെയും ഒപ്പമാണ് ജോ റൂട്ട്.

കഴിഞ്ഞ 22 മത്സരത്തില്‍ നിന്നും 10 സെഞ്ച്വറിയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ അടിച്ചിട്ടുള്ളത്. ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങിന്റെ പകുതി കരുത്തും റൂട്ടാണ്.

Content Highlights: Joe Root hit a massive six in test cricket

We use cookies to give you the best possible experience. Learn more