|

സച്ചിനെ വെട്ടാന്‍ ദൂരമേറെ താണ്ടണം, ലാറക്കും ഗവാസ്‌കറിനുമൊപ്പം ഐതിഹാസിക നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലങ്കക്ക് മുമ്പില്‍ 483 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ആതിഥേയര്‍. രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. സൂപ്പര്‍ താരം ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

121 പന്ത് നേരിട്ട് 103 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കവെ നേരിട്ട 111ാം പന്തില്‍ ബൗണ്ടറി നേടിയാണ് റൂട്ട് കരിയറിലെ 34ാം അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായി ഇടം നേടാനും റൂട്ടിന് സാധിച്ചു. ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, സുനില്‍ ഗവാസ്‌കര്‍, മഹേല ജയവര്‍ധനെ എന്നിവര്‍ക്കൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ് റൂട്ട്.

ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമന്‍. 51 അന്താരാഷ്ട്ര റെഡ് ബോള്‍ സെഞ്ച്വറിയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പേരിലുള്ളത്. ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന സച്ചിന്റെ റെക്കോഡിന് റൂട്ട് ഭീഷണിയാണെങ്കിലും ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയെന്ന സച്ചിന്റെ നേട്ടത്തിലെത്താന്‍ റൂട്ട് ഇനിയുമേറെ ദൂരം താണ്ടണം.

സച്ചിനേക്കാള്‍ 17 സെഞ്ച്വറികളാണ് റൂട്ടിന് കുറവുള്ളത്. എന്നാല്‍ 2021 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 17 ടെസ്റ്റ് സെഞ്ച്വറി റൂട്ട് നേടിയിട്ടുണ്ട്.

കഴിഞ്ഞ് പത്ത് ടെസ്റ്റ് പരമ്പരകളില്‍ ഒമ്പതിലും റൂട്ടിന്റെ പേരില്‍ ടെസ്റ്റ് സെഞ്ച്വറി കുറിക്കപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോഡും സേഫല്ല.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921 – 51

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – സൗത്ത് ആഫ്രിക്ക – 13,289 – 45

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378 – 41

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400 – 38

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 13,288 – 36

ജോ റൂട്ട് – ഇംഗ്ലണ്ട് – 12,372* – 34*

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 11,953 – 34

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814 – 34

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ – 10,122 – 34

യൂനിസ് ഖാന്‍ – പാകിസ്ഥാന്‍ – 10,099 – 34

ഇതിന് പുറമെ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – മത്സരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 145 – 265 – 34*

അലിസ്റ്റര്‍ കുക്ക് – 161 – 291 – 33

കെവിന്‍ പീറ്റേഴ്‌സണ്‍ – 104 – 181 – 23

വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22

മൈക്കല്‍ കൗഡ്രേ – 114 – 188 – 22

Content Highlight: Joe Root has become sixth in the list of players with the most centuries in the Test format